ഭിന്നശേഷിക്കാരുടെ ജോലി സംവരണം:ട്രൈബ്യൂണല്‍ വിധി സര്‍ക്കാര്‍ അവഗണിച്ചു
text_fieldsതൃശൂര്‍: ഭിന്നശേഷിക്കാരുടെ ജോലി സംവരണം നടപ്പാക്കാന്‍ അന്ത്യശാസനം നല്‍കിയ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ (കെ.എ.ടി) വിധി സര്‍ക്കാര്‍ അവഗണിച്ചു.
ഭിന്നശേഷിക്കാരുടെ ജോലിസംവരണത്തില്‍ സര്‍ക്കാറിന്‍െറ അലംഭാവത്തെ വിമര്‍ശിച്ചാണ് ജനുവരി 19ന് കെ.എ.ടി വിധി പുറപ്പെടുവിച്ചത്. ആറ് ആഴ്ചക്കകം സുപ്രീംകോടതി നിര്‍ദേശിച്ച ഒന്ന്, 34, 67 ക്രമവത്കരണത്തിലുള്ള ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കണമെന്നായിരുന്നു ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ ട്രൈബ്യൂണലിന്‍െറ ഉത്തരവ്. കഴിഞ്ഞ നാലിന് കെ.എ.ടി നിര്‍ദേശിച്ച ഉത്തരവ് കാലാവധി തീര്‍ന്നു.
ഇതുമായി ബന്ധപ്പെട്ട് സാമൂഹികനീതി വകുപ്പ് യോഗം ചേര്‍ന്നതൊഴിച്ചാല്‍ സര്‍ക്കാര്‍ തീരുമാനത്തിലത്തെിയിട്ടില്ല. കേരളം മാത്രമാണ് ഭിന്നശേഷിക്കാരുടെ ജോലിസംവരണത്തില്‍ നടപടിയെടുക്കാത്തതെന്നും അടിയന്തര നടപടി വേണമെന്നും കാണിച്ച് ഡെപ്യൂട്ടി കലക്ടര്‍ റാങ്ക്ലിസ്റ്റിലെ ഉദ്യോഗാര്‍ഥിയും തൃശൂര്‍ സ്വദേശിയുമായ കെ. മധു നല്‍കിയ ഹരജിയിലായിരുന്നു വിധി.
ഭിന്നശേഷിക്കാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ച ക്രമപ്രകാരമുള്ള ജോലി സംവരണം ഡല്‍ഹി, അസം, ഗുജറാത്ത്, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം നടപ്പാക്കിയപ്പോള്‍ കേരളം മാത്രമാണ് വൈകിപ്പിച്ചത്. 2015ല്‍ ഭിന്നശേഷിക്കാരുടെ ജോലി സംവരണം നടപ്പാക്കാന്‍ സംസ്ഥാന നിയമവകുപ്പ് സെക്രട്ടറി ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായില്ല. ഇടത് സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിക്ക് മുന്നിലത്തെിയ പരാതിയില്‍ അടിയന്തര നടപടി നിര്‍ദേശിച്ചതില്‍ കരട് നിയമം തയാറാക്കാന്‍ സാമൂഹികനീതി വകുപ്പ് നടപടിയെടുത്തെങ്കിലും അഭിപ്രായം തേടിയ പി.എസ്.സി ഉദാസീനത തുടര്‍ന്നു.
കഴിഞ്ഞ ഡിസംബറില്‍ നീട്ടി നല്‍കിയ 2014ലെ റാങ്ക്ലിസ്റ്റ് കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെയാണ് ജോലിസംവരണം നടപ്പാക്കുന്നത് അകാരണമായി വൈകിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.