തറിയിലെ ജീവിതസ്വപ്നങ്ങൾക്ക് പുതുപ്രതീക്ഷ
text_fieldsകൊച്ചി: പ്രളയജലത്തിൽ തകർന്നടിഞ്ഞ പറവൂർ ചേന്ദമംഗലത്തെ കൈത്തറിമേഖലക്ക് പുതുപ്രതീക്ഷ. തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ടതോടെ ഉപജീവനമാർഗം മുടങ്ങിയ തൊഴിലാളികൾക്ക് സഹായവുമായി നിരവധിപേരാണ് എത്തുന്നത്. ഓണവിപണിയിലേക്ക് തയാറാക്കിയ വസ്ത്രങ്ങളിൽ വെള്ളം കയറാതെ സൂക്ഷിച്ചവക്ക് ആവശ്യക്കാരും എത്തിത്തുടങ്ങി. ഇതോടെ ദിവസങ്ങളായി തുടരുന്ന പ്രതിസന്ധികൾക്കും ആശങ്കകൾക്കും താൽക്കാലികമായെങ്കിലും പരിഹാരമായി. സംഘങ്ങളിലെ തറികൾ, ഫർണിച്ചറുകൾ, നൂൽ എന്നിവ നശിച്ചതോടെ ജീവിതമാർഗം ഇല്ലാതായ പറവൂരിലെ ജനതയെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
ജസ്റ്റിസ് കെ. സുകുമാരനും ഭാര്യയും ഹൈകോടതി മുൻ ചീഫ് ജസ്റ്റിസുമായ കെ.കെ. ഉഷയും കൈത്തറിയെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങൾക്ക് സഹായവുമായാണെത്തിയത്. പ്രദേശത്തെ നിർധനരായ നെയ്ത്തുകാർക്ക്, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ തറികളുടെ അറ്റകുറ്റപ്പണിക്ക് 80,000 രൂപ നൽകി. കൂടാതെ 50,000 രൂപയുടെ കൈത്തറി വസ്ത്രങ്ങൾക്ക് മുൻകൂറായി മുഴുവൻ തുകയും നൽകി. മൊത്തം 1.3ലക്ഷം രൂപയുടെ ചെക്ക് ജസ്റ്റിസ് കെ. സുകുമാരൻ പറവൂർ ഹാൻഡ് ലൂം സൊസൈറ്റി പ്രസിഡൻറ് ടി.എസ്. ബേബിക്ക് കൈമാറി. പ്രളയമേഖലയിൽ കൈത്തറി ഉൽപാദനമുണ്ടായിരുന്ന വീടുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയശേഷമാണ് അദ്ദേഹം മടങ്ങിയത്.
കെട്ടിക്കിടക്കുന്ന വസ്ത്രങ്ങൾക്ക് വിപണി കണ്ടെത്താനുള്ള സഹായസന്നദ്ധതയുമായാണ് താരദമ്പതികളായ ഇന്ദ്രജിത്തും പൂർണിമയും പറവൂരിലെത്തിയത്. സംഘത്തിലെത്തി സ്ഥിതിഗതികൾ നേരിട്ട് അറിഞ്ഞതിനെത്തുടർന്നാണ് ഇരുവരും സഹായം വാഗ്ദാനം ചെയ്തത്. കൈത്തറി വസ്ത്രങ്ങൾ ആവശ്യക്കാരിൽ എത്തിക്കാനുള്ള ഇടപെടലുകളാകും ഇരുവരും ചെയ്യുക. ഓണവിപണിയിലേക്കുള്ള അഞ്ചുകോടിയുടെ വസ്ത്രങ്ങളിൽ രണ്ടുകോടിയോളം വിലയുള്ളവ പൂർണമായും നശിച്ചിരുന്നു. മൂന്നുകോടിയോളം വിലയുള്ള ഉൽപന്നങ്ങൾ സുരക്ഷിതമായുണ്ടെങ്കിലും ആവശ്യക്കാർ എത്താത്തത് തിരിച്ചടിയായിരുന്നു. വാർത്തക്കും മറ്റുപ്രചാരണത്തിനും പിന്നാലെ നിരവധിപേർ സഹായവുമായെത്തുന്നുണ്ടെന്ന് ടി.എസ്. ബേബി ‘മാധ്യമ’ത്തോട് പറഞ്ഞു. കെട്ടിക്കിടന്ന വസ്ത്രങ്ങളിൽ 20 ശതമാനം വിറ്റു. കേരള സാരികളാണ് കൂടുതലും വിറ്റുപോകുന്നത്. മുണ്ടുകൾ ഉൾപ്പെടെ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.