പൂട്ടിക്കിടന്ന കെട്ടിടം തുറന്നപ്പോൾ എക്സൈസ് സംഘം ഞെട്ടി; ഹാൻസ് നിർമാണം സംസ്ഥാനത്ത് ഇതാദ്യം
text_fieldsഷൊർണൂർ: നിരോധിത ഹാൻസ് നിർമാണ യൂനിറ്റ് കണ്ടെത്തുന്നത് സംസ്ഥാനത്ത് ആദ്യമെന്ന് എക്സൈസ് വകുപ്പ്. നിർമാണം ആരംഭിച്ച് ഒരാഴ്ചക്കകം തന്നെ യൂനിറ്റ് കണ്ടെത്താനായതിനാൽ വിതരണം നടത്താൻ കഴിഞ്ഞില്ല. പുകയിലക്കും അനുബന്ധ അസംസ്കൃത വസ്തുക്കൾക്കുമായി അരക്കോടിയിലധികം രൂപ വിലമതിക്കുമെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കർ പ്രസാദ് പറഞ്ഞു.
നാട്ടുകാർക്കുപോലും സംശയം തോന്നാത്ത വിധം ഉൾപ്രദേശത്തെ ഒരു വാടകക്കെട്ടിടത്തിലായിരുന്നു യൂനിറ്റ് പ്രവർത്തിച്ചിരുന്നത്. എക്സൈസ് സംഘം ചെല്ലുമ്പോൾ പൂട്ടിക്കിടന്ന കെട്ടിടം തുറന്ന് പരിശോധിച്ചപ്പോഴാണ് വിപുലമായ സംവിധാനത്തോടെയുള്ള നിർമാണ യൂനിറ്റ് മനസ്സിലായത്. നിരോധിച്ചെങ്കിലും കേരളത്തിൽ വ്യാപകമായി പ്രചാരത്തിലുള്ളതും ഉത്തരേന്ത്യയിൽനിന്ന് കൊണ്ടുവരുന്നതുമായ ഹാൻസിെൻറ വ്യാജ നിർമാണമാണ് ഇവിടെ നടന്നിരുന്നത്.
പരിശോധന നടത്തുമ്പോൾ കഴിഞ്ഞ ദിവസം ജോലിക്കെത്തിയ അസം സ്വദേശികൾ മാത്രമാണുണ്ടായിരുന്നത്. നടത്തിപ്പുകാരനായ പ്രതീഷ് പിന്നീട് ഹാജരായി. പുകയില ഒഴികെ മെഷീനടക്കമുള്ള വസ്തുക്കൾ പൊലീസിന് മാത്രമേ കസ്റ്റഡിയിലെടുക്കാനാകൂ എന്നതിനാൽ കേസ് എക്സൈസ് റേഞ്ചിൽനിന്ന് ഷൊർണൂർ പൊലീസിന് കൈമാറി.
എക്സൈസ്-പൊലീസ് സംയുക്ത റെയ്ഡിലാണ് ചളവറ പഞ്ചായത്തിലെ കയിലിയാട് ഇടൂർക്കുന്നിൽനിന്ന് വ്യാജ ഹാൻസ് നിർമാണ യൂനിറ്റ് കണ്ടെത്തിയത്. 1300 കിലോ പുകയില, 450 കിലോ പാക്കറ്റിലാക്കിയ ഹാൻസ്, നിർമാണത്തിനുപയോഗിക്കുന്ന ചുണ്ണാമ്പ്, രുചിക്കും മണത്തിനും ലഹരിക്കും ചേർക്കുന്ന വിവിധ രാസവസ്തുക്കൾ എന്നിവ പിടിച്ചെടുത്തിരുന്നു. നടത്തിപ്പുകാരനായ കടമ്പഴിപ്പുറം ആലങ്ങാട് കുണ്ടുപാരത്തൊടി പ്രതീഷ് (37), അസം സ്വദേശികളും തൊഴിലാളികളുമായ ഹബീബ് റഹ്മാൻ, ഭാര്യ ഷഹ്നാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എക്സൈസ് ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർ രാജ്മോഹൻ, റേഞ്ച് പി.ഒമാരായ എം. രാധാകൃഷ്ണപിള്ള, എ.ആർ. രാജേന്ദ്രൻ, ഗ്രേഡ് പി.ഒ.മാരായ എസ്.ജെ. അനു, മുഹമ്മദ് മുസ്തഫ, എസ്.ഇ.ഒ. ജോബി മോൻ, ഡ്രൈവർ ഷാജിർ, ഷൊർണൂർ എസ്.ഐ വനിൽകുമാർ, ഗ്രേഡ് എസ്.ഐ കെ. മുഹമ്മദ് ബഷീർ, എ.എസ്.ഐ അരുൺകുമാർ, എസ്.സി.പി.ഒ എസ്. പ്രശോഭ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.