വാടക വീട്ടിൽ ഹാൻസ് നിർമാണം: യന്ത്രങ്ങളും 200 കിലോയിലധികം ഹാൻസും പിടികൂടി
text_fieldsകോട്ടയം: വടവാതൂർ തേമ്പ്രവാൽ കടവിൽ വൻ ഹാൻസ് നിർമാണ കേന്ദ്രം എക്‌സൈസ് പിടികൂടി. 200 കിലോയിലധികം ഹാൻസും ഇവ ചെറിയ പാക്കറ്റുകളിലാക്കാനുള്ള യന്ത്രങ്ങളും പിടിച്ചെടുത്തു. 20 ലക്ഷം രൂപ വിലവരുന്നവയാണിത്. 12 കുപ്പി വിദേശമദ്യവും വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽനിന്ന് കണ്ടെത്തി. നിർമാണ കേന്ദ്രം നടത്തിയിരുന്ന സരുണിനെ (30) എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
രണ്ടാഴ്ചയായി കോട്ടയം വടവാതൂർ എം.ആർ.എഫ് ഫാക്ടറി റോഡിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപം കിഴക്കേ വീട്ടിൽ ഷീലയുടെ വാടകവീട്ടിലാണ് സരുൺ താമസിച്ചിരുന്നത്. ഈ വീട്ടിൽ യന്ത്രം സ്ഥാപിച്ച ശേഷം ഹാൻസ് നിർമിക്കുകയായിരുന്നു പ്രതി. കുറച്ചുദിവസമായി എക്‌സൈസ് സംഘം പ്രദേശം കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരുകയായിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച രാവിലെയോടെ എക്‌സൈസ് ഇന്‍റലിജൻസും എക്‌സൈസ് കമീഷണർ സ്‌ക്വാഡും പാമ്പാടി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി പരിശോധന നടത്തിയത്.
എക്‌സൈസ് കമീഷണർ സ്‌ക്വാഡ് അസി. എക്‌സൈസ് കമീഷണറും ജില്ല അസി. കമീഷണറുമായ ആർ. രാജേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വൈശാഖ് വി. പിള്ള, അൽഫോൺസ് ജേക്കബ്, പി.ജെ. ടോംസി, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, പാമ്പാടി റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സജീവ് എം. ജോൺ, പ്രിവന്‍റിവ് ഓഫിസർ ആനന്ദ് രാജ്, ടി.കെ. മനോജ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ അഭിലാഷ്, പ്രവീൺകുമാർ, അഖിൽ എസ്. ശേഖർ, വനിത സിവിൽ എക്‌സൈസ് ഓഫിസർ സിനി ജോൺ, ഡ്രൈവർ സോജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.