സ്ത്രീകള്‍ക്കെതിരായ പീഡനം: തൊഴിലിടത്തില്‍ ഇന്റേണല്‍ കമ്മറ്റി രൂപവത്കരിക്കണം -വനിത കമീഷന്
text_fieldsതിരുവനന്തപുരം: തൊഴിലിടത്തില്‍ സ്ത്രീകൾക്കുനേരെയുള്ള പീഡനങ്ങള്‍ തടയാൻ പോഷ് ആക്ട് അനുശാസിക്കുന്ന വിധം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. ജില്ലതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.
തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ മൂലം മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ പരാതികൾ പരിഗണിച്ചു. ഇത്തരം പരാതികൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മിറ്റികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനാണ് നിര്‍ദേശിക്കാറുള്ളത്. തൊഴില്‍ സ്ഥാപനങ്ങളിൽ ഇന്റേണല്‍ കമ്മിറ്റികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. പോഷ് നിയമം വന്നിട്ട് 10 വര്‍ഷം പിന്നിട്ടു. തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സ്ഥാപന നടത്തിപ്പുകാര്‍ക്കുണ്ട്.
എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതിപരിഹാര സംവിധാനം രൂപവത്കരിച്ചെന്ന് ഉറപ്പുവരുത്താൻ കര്‍ശന ഇടപെടല്‍ വേണം. പത്തില്‍ കുറവ് ജീവനക്കാരാണ് സ്ഥാപനത്തിലുള്ളതെങ്കില്, പോഷ് ആക്ട് സംബന്ധമായ പരാതി സ്വീകരിക്കുന്നതിനുള്ള അധികാരം ജില്ല കലക്ടര്‍ അധ്യക്ഷനായ ലോക്കല്‍ കംപ്ലയിന്റ് കമ്മിറ്റിക്കാണ്. കലക്ടര്‍ മുന്‍കൈയെടുത്ത് ഈ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. പത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണെങ്കില്‍ ഇന്റേണല്‍ കമ്മറ്റി രൂപവത്കരിക്കണം.
ഗാര്‍ഹിക ചുറ്റുപാടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണനക്കെത്തിയതില് ഏറെയും. സ്ത്രീകള്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളില്‍ അരക്ഷിതമായി കഴിയേണ്ട സ്ഥിതിയുണ്ട്. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് സമൂഹത്തിന്ജാഗ്രത ഉണ്ടാകണം. സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ ഇതിനുതകുന്ന മാറ്റം ഉണ്ടാകേണ്ടതുണ്ട്. കുടുംബ ജീവിതത്തില്‍ മൊബൈല്‍ ഫോൺ ഉപയോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുസംബന്ധിച്ച പരാതിയും പരിഗണിച്ചു. ഇക്കാര്യത്തിൽ ജാഗ്രത പുലര്‍ത്തണമെന്നും വനിത കമിഷന് അധ്യക്ഷ പറഞ്ഞു.
കമീഷന് അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, സി.ഐ ജോസ് കുര്യന്, എസ്.ഐ അനിത റാണി, കൗണ്‍സിലര്‍ സിബി തുടങ്ങിയവര്‍ പങ്കെടുത്തു. ആകെ 45 കേസുകള്‍ പരിഹരിച്ചു. 19 കേസുകള്‍ റിപ്പോര്‍ട്ടിനായി അയച്ചു. നാല് കേസുകള്‍ കൗണ്‍സിലിങ്ങിന് നിര്‍ദേശിച്ചു. 182 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 250 കേസുകളാണ് പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.