പീഡനം: അഭിഭാഷകർക്ക് ജാമ്യം
text_fieldsതലശ്ശേരി: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അഡ്വ. എം.ജെ. ജോൺസൺ, അഡ്വ. കെ.കെ. ഫിലിപ്പ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. മേയ് ആറിനാണ് അഭിഭാഷകർ അറസ്റ്റിലായത്.
പീഡിതയെയോ സാക്ഷികളെയോ സമീപിക്കാനോ സ്വാധീനിക്കാനോ പാടില്ലെന്ന ഉപാധികളോടെയാണ് അഭിഭാഷകർക്ക് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെ വാദം കേട്ടശേഷം കീഴ്കോടതിക്ക് ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാം. കേസുമായി ബന്ധപ്പെട്ട് 2023ൽ അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് അഭിഭാഷകർക്കെതിരെയുള്ള കേസ്.
തലശ്ശേരി എസ്.എച്ച്.ഒവിന് പീഡിത നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പ്രതികൾ ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.
2023 ഒക്ടോബർ 18നാണ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്ത് ഇരയായ സ്ത്രീ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി കഴിഞ്ഞവർഷം ഡിസംബർ ഒന്നിന് മുൻകൂർ ജാമ്യം റദ്ദാക്കി. പ്രതികൾ ഒളിവിൽ പോയതിനാൽ അറസ്റ്റ് വൈകി.
ഇതിനെതിരെ ഇരയായ സ്ത്രീ നൽകിയ അപ്പീൽ കഴിഞ്ഞ ഏപ്രിൽ 22ന് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് പ്രശാന്ത്കുമാർ മിശ്ര എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ച് നാലാഴ്ചത്തേക്ക് ഹരജി മാറ്റിയിരുന്നു. ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.പി അരുൺ കെ. പവിത്രൻ മുമ്പാകെ തലശ്ശേരി എ.എസ്.പി ഓഫിസിൽ പ്രതികൾ മേയ് ആറിന് കീഴടങ്ങുകയായിരുന്നു.
അഭിഭാഷകരുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) മുമ്പാകെ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് സുപ്രീം കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.
കണ്ണൂർ യൂനിവേഴ്സിറ്റിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നേരിടുന്നവരാണ് ആരോപണ വിധേയരായ അഭിഭാഷകർ. എം.ജെ. ജോൺസൺ യു.ഡിഎഫ് ഭരണകാലത്ത് തലശ്ശേരി ജില്ല കോടതിയിൽ പ്രോസിക്യൂട്ടറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.