കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ പീഡന പരാതി; പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു
text_fieldsകണ്ണൂര്‍: കോര്‍പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെയുള്ള പീഡന പരാതിയില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ എടക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂര്‍ കോര്‍പറേഷനിലെ 36ാം വാര്‍ഡായ കിഴുന്നയിലെ കൗൺസിലർ പി.വി. കൃഷ്ണകുമാറിനെതിരെയാണ് പരാതി.
കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയാണ് ഇയാൾ. സഹകരണ സംഘം ജീവനക്കാരിയെ ഓഫിസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇവരെ സഹകരണ സ്ഥാപനത്തിൽ ജോലിക്കുകയറ്റിയത് കൃഷ്ണകുമാറായിരുന്നു. ഇക്കാര്യം പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ശ്രമിച്ചത്.
സംഭവത്തിൽ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ജോലി ചെയ്തുകൊണ്ടിരിക്കുന്ന യുവതിയെ പ്രതി പിറകിൽനിന്ന് കെട്ടിപ്പിടിക്കുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം. പീഡന വിവരം യുവതി പുറത്തുപറഞ്ഞിരുന്നില്ല. സംഭവത്തിനുശേഷം ഇവർ ജോലിക്ക് പോവുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല.
യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം തോന്നിയ വീട്ടുകാർ കാര്യം തിരക്കിയെങ്കിലും ആദ്യം പറയാൻ തയാറായില്ല. പിന്നീട് നിർബന്ധിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പൊലീസ് കേസെടുത്തശേഷം കൃഷ്ണകുമാർ ഒളിവിൽ കഴിയുകയാണ്. ഇയാളെ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
കൃഷ്ണകുമാറിന് പാർട്ടി സസ്പെൻഷൻ
കണ്ണൂർ: പീഡന പരാതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ കണ്ണൂർ കോർപറേഷൻ കൗൺസിലറും കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമായ പി.വി. കൃഷ്ണകുമാറിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി അച്ചടക്കം ലംഘിച്ചതിന് അന്വേഷണ വിധേയമായാണ് സസ്പെൻഷനെന്ന് ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.