മാധ്യമപ്രവർത്തകർക്ക് മർദനം; കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് ശിപാർശ
text_fieldsകോഴിക്കോട്: മാധ്യമപ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ശിപാർശ. നാല് പേർക്കെതിരെ നടപടിയെടുക്കണമെന്ന ശിപാർശയുള്ള റിപ്പോർട്ട് ഡി.സി.സി നേതൃത്വം ഇന്ന് ഉച്ചയോടെ കെ.പി.സി.സിക്ക് സമർപ്പിക്കും. റിപ്പോർട്ട് ഡി.സി.സിയുടെ ശിപാർശ സഹിതം ഇന്ന് കെ.പി.സി.സി പ്രസിഡന്‍റിന് സമർപ്പിക്കുമെന്നും ഇന്ന് വൈകീട്ട് അല്ലെങ്കിൽ നാളെ രാവിലെ തന്നെ നടപടിയുണ്ടാകുെമന്നും ഡി.സി.സി പ്രസിഡന്‍റ് പ്രവീൺ കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിലക്കയറ്റത്തിനെതിരെ എലത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേളന്നൂർ സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗ്രൂപ്പ് യോഗം നടന്നത് അന്വേഷണ കമീഷന്‍റെ പരിധിയിൽ വന്നിട്ടില്ല. മാധ്യമ പ്രവർത്തകരെ ആക്രമിച്ചതാണ് അന്വേഷിച്ചത്. അതിന് മാധ്യമ പ്രവർത്തകരുടെയും യോഗത്തിൽ പങ്കെടുത്തവരുടെയും പ്രസ് ക്ലബ് ഭാരവാഹികളുടെയുമൊക്കെ മൊഴി എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് റിപ്പോർട്ട് കിട്ടിയത്. പക്ഷേ, ഡി.സി.സിയുടെ ശിപാർശ കൂടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടതിനാലാണ് സമർപ്പിക്കാൻ വൈകിയത്. അന്വേഷണം നിഷ്പക്ഷമായിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മൂന്നാം ദിവസം തന്നെ റിപ്പോർട്ട് ലഭിച്ചു'- പ്രവീൺ കുമാർ പറഞ്ഞു.
എന്താണ് റിപ്പോർട്ടിലെ ശിപാർശ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് പാർട്ടി രേഖ ആയതിനാൽ ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു പ്രവീൺ കുമാറിന്‍റെ പ്രതികരണം. എന്നാൽ, ബേപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്‍റ് ഇ. പ്രശാന്ത് എന്നിവരെ സസ്പെൻഡ് ചെയ്യണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശയെന്നാണ് സൂചന. ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ. സുരേഷിനെ പരസ്യമായി താക്കീത് ചെയ്യണമെന്നും മുൻ ഡി.സി.സി പ്രസിഡന്‍റ് യു. രാജീവൻ പരസ്യമായി ഖേദപ്രകടിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കെ.പി.സി.സിയാണ് റിപ്പോർട്ടിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
സി.വി. കുഞ്ഞികൃഷ്ണൻ, ജോണ്‍ പൂതക്കുഴി എന്നിവരായിരുന്നു അന്വേഷണ കമീഷൻ അംഗങ്ങൾ. കഴിഞ്ഞ ശനിയാഴ്ച എ ഗ്രൂപ്പിലെ വിഭാഗം നടത്തിയ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് മർദനമേറ്റത്. മുന്‍ ഡി.സി.സി പ്രസിഡൻറ് യു. രാജീവന്‍ അടക്കം 20 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.