നവവധുവിന് പീഡനം: പ്രതിയെ ‘രക്ഷപ്പെടുത്തി’യത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്: പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധു പീഡനത്തിനിരയായ കേസിൽ പ്രതിയും ഭാർത്താവുമായ രാഹുലിന് വിദേശത്തേക്ക് കടക്കാൻ പൊലീസ് ഒത്താശ ചെയ്തതായി സൂചന. പന്തീരാങ്കാവ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്നതോടെ സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് അന്വേഷണവും തുടങ്ങി.
ശരീരമാകെ പരിക്കുകളോടെ യുവതി സ്റ്റേഷനിലെത്തിയിട്ടും പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാത്തതിലടക്കം വലിയ വിമർശനമുയർന്നിരുന്നു. മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ നോക്കിയെന്ന് യുവതി മൊഴി നൽകിയിട്ടും വധശ്രമമടക്കമുള്ള ഗുരുതര വകുപ്പുകൾ പ്രതിക്കെതിരെ ആദ്യം ചുമത്തിയിരുന്നുമില്ല. പൊലീസിന്റെ വീഴ്ചയിൽ എസ്.എച്ച്.ഒ എ.എസ്. സരിൻ സസ്പെൻഷനിലായെങ്കിലും മറ്റുചിലരുടെ ഒത്താശ ലഭിച്ചത് പിന്നീടാണ് പുറത്തുവന്നത്. യുവതിയുടെ ശക്തമായ മൊഴിയുണ്ടായിട്ടും പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കാത്തതാണ് ഇയാൾക്ക് വിദേശത്തേക്ക് കടക്കാൻ അവസരമായത്.
ഇതിനുപിന്നാലെയാണ് പന്തീരാങ്കാവ് സ്റ്റേഷനിലെ രാഹുലിന്റെ സുഹൃത്തായ പൊലീസുകാരൻ ഒത്തുകളിച്ചതായി സൂചന ലഭിച്ചത്. യുവതി പരാതി നൽകാനെത്തിയ ദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വിവരങ്ങളടക്കം ശേഖരിച്ചാണ് ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.
രാഹുലിന്റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി
കോഴിക്കോട്: നവവധു പീഡനക്കേസിൽ പ്രതി രാഹുലിന്റെ അമ്മ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷ, സഹോദരി തിരുവങ്ങൂർ സ്വദേശി കാർത്തിക എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകി. അഡ്വ. ഷമീം പക്സാൻ മുഖേന കോഴിക്കോട് ജില്ല കോടതിയിലാണ് ജാമ്യാപേക്ഷ ഫയൽ ചെയ്തത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
ഇരുവരും വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവനായ ഫറോക്ക് അസി. കമീഷണർ സജു കെ. അബ്രഹാം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അനാരോഗ്യം കാരണം ഹാജരാകാനാവില്ലെന്ന് പൊലീസിനെ അറിയിച്ച ഉഷ, നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.