കൈക്കൂലി നൽകിയെന്നതിൽ ഉറച്ച് ഹരിദാസൻ; അഖിൽ മാത്യുവിന് പണം കൈമാറിയെന്നതിന് തെളിവില്ല
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമനത്തിന് മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിലുറച്ച് പരാതിക്കാരൻ ഹരിദാസൻ. എന്നാൽ, മന്ത്രി വീണാ ജോർജിന്റെ പി.എ അഖിൽ മാത്യുവിന് പണം കൈമാറിയതിന് തെളിവ് പൊലീസിന് ലഭിച്ചില്ല. സെക്രട്ടറിയറ്റിനു മുന്നിൽ വെച്ച് അഖിൽ മാത്യുവിന് പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങളിൽ ഹരിദാസനെയും കൂടെയുണ്ടായിരുന്ന എ.ഐ.എസ്.എഫ് നേതാവ് ബാസിതിനെയും മാത്രമാണ് കാണുന്നത്.
അഖിൽ മാത്യുവിന് പണം നൽകിയെന്ന് പറയുന്ന ഏപ്രിൽ 19, 11 ദിവസങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽ ബാസിതും ഹരിദാസനും മാത്രമാണുള്ളത്. ഏപ്രില്‍ 10ന് ഇരുവരും സെക്രട്ടേറിയറ്റ് അനക്സ് രണ്ടിന്റെ ഗേറ്റിന് സമീപം ചെലവഴിച്ച് മടങ്ങുന്നതാണ് ദൃശ്യം. 11ലെ ദൃശ്യങ്ങളിലും ഇവരുണ്ടെങ്കിലും ആർക്കും പണം കൈമാറുന്നതായി കണ്ടെത്താനായില്ല. പണംകൈമാറുന്ന ദിവസങ്ങളിൽ താൻ തിരുവനന്തപുരത്ത് പോയില്ല എന്നു പറഞ്ഞ ബാസിത് ദൃശ്യങ്ങൾ പുറത്തുവന്നതോടെ മൊഴി മാറ്റി. അതേസമയം, സിസിടിവിയിൽ കാണുന്ന സ്ഥലത്തുവെച്ചല്ല പണം നൽകിയതെന്നും അൽപം മാറിയാണെന്നുമാണ് ഹരിദാസന്റെ പുതിയ വിശദീകരണം.
ഹരിദാസനെയും ബാസിതിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. വ്യാജ പരാതിയാണെന്ന് കാണിച്ച് അഖിൽ മാത്യു നൽകിയ കേസിൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. ബാസിതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയേക്കും. ഹരിദാസന്റെയും ബാസിതിന്റെയും മൊഴികളിലെ പൊരുത്തക്കേടും പൊലീസ് പരിശോധിക്കുന്നുണ്ട്. മലപ്പുറം സ്വദേശികളായ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനായി കന്റോൺമെന്റ് പൊലീസ് സംഘം മലപ്പുറത്ത് തുടരുന്നുണ്ട്.
ഹരിദാസനിൽനിന്ന് ബാങ്ക് അക്കൗണ്ട് വഴി രണ്ടുപേർ 75,000 രൂപ കൈപ്പറ്റിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഖില്‍ സജീവനും കോഴിക്കോട് സ്വദേശി അഡ്വ. ലെനിനും ഹരിദാസൻ പണം നല്‍കിയെന്നാണ് കണ്ടെത്തൽ. അഖില്‍ സജീവിന് 25,000 രൂപയും അഡ്വ. ലെനിന് 50,000 രൂപയുമാണ് കൈമാറിയത്. എന്നാൽ, പൊലീസ് ഇതുവരെ ഇവരുടെ മൊഴിയെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.