തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ഹാജരാകണമെന്ന് ഹരിദ്വാർ കോടതി
text_fieldsപാലക്കാട്: തെറ്റിദ്ധാരണജനകവും നിരോധിക്കപ്പെട്ടതുമായ പരസ്യങ്ങൾ നൽകുക വഴി ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് ലംഘിച്ച കേസിൽ ബാബാ രാംദേവിനെയും ആചാര്യ ബാലകൃഷ്ണയെയും വിളിപ്പിച്ച് ഹരിദ്വാർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. ജൂൺ ഏഴിനാണ് ഹിയറിങ്. പൊതുജനാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബു പ്രധാനമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് ഹരിദ്വാറിലെ കോട്വാൾ പൊലീസെടുത്ത കേസിലാണ് നടപടി. മേയ് 10ന് നടന്ന ആദ്യ ഹിയറിങ്ങിന് ഇരുവരും ഹാജരായിരുന്നില്ല.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ചില അസുഖങ്ങൾക്ക് മരുന്ന് നിർദേശിച്ചും ഫലസിദ്ധി വാഗ്ദാനം ചെയ്തുമുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങൾക്ക് വിലക്കുണ്ട്. രക്തസമ്മർദം, പ്രമേഹം, ഗ്ലൂക്കോമ, കൊളസ്ട്രോൾ തുടങ്ങിയവക്കുള്ള പരിഹാരമെന്ന തരത്തിൽ മാധ്യമങ്ങളിൽ തുടർച്ചയായി പ്രചാരണം നടത്തുന്ന പതഞ്ജലിയുടെയും മാർക്കറ്റിങ് വിഭാഗമായ ദിവ്യ ഫാർമസിയുടെയും നടപടിക്കെതിരെ ഡോ. ബാബു ആയുഷ് മന്ത്രാലയത്തിൽ പരാതി നൽകിയിരുന്നു.
തുടർന്ന് മന്ത്രാലയം നാലുതവണ ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റിക്ക് കത്തെഴുതിയിട്ടും ഫലമുണ്ടായില്ല. നടപടിയാവശ്യപ്പെട്ട് ജനുവരി 15നാണ് ഡോ. ബാബു പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് പരാതി നൽകിയത്. തുടർന്ന് ദിവ്യ ഫാർമസിയുടെ ആസ്ഥാനമായ ഉത്തരാഖണ്ഡിലെ ആയുർവേദിക് -യൂനാനി അധികൃതർ സ്വാമി ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ, ദിവ്യ ഫാർമസി, പതഞ്ജലി ആയുർവേദിക് ലിമിറ്റഡ് എന്നിവരെ പ്രതിയാക്കി കേസെടുക്കാൻ ശിപാർശ നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.