ഹരിഹരസുധന് സ്നേഹവീടുയരും; അബ്ദുറഹ്മാന്റെ മണ്ണിൽ
text_fieldsകിഴക്കമ്പലം: നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ ഹരിഹര സുധന്റെ കുടുംബത്തിന് നാടിന്റെ സ്നേഹസമ്മാനമായി ഇനി വീടുയരും. നാടുമായി ഇഴപിരിയാത്ത ബന്ധം സൂക്ഷിച്ച ഹരിഹര സുധനുള്ള സ്മാരകം കൂടിയാകും ഈ വീട്. വരപ്പോത്ത് അബ്ദുറഹ്മാനാണ് വീട് നിർമാണത്തിന് അഞ്ചുസെന്റ് സ്ഥലം നൽകിയത്. സ്ഥലം നൽകാൻ മൂന്നുപേർ സന്നദ്ധത അറിയിച്ചെങ്കിലും കൂടുതൽ അനുയോജ്യമായ സ്ഥലം അബ്ദുറഹ്മാന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച നാട്ടുകാർ ഒത്തുകൂടി വീടിന് തറക്കല്ലിട്ടു. മകൻ അക്ഷയ് കല്ലിടുമ്പോൾ സാക്ഷികളായി കാവുങ്ങൽ പറമ്പിലെയും പരിസര മഹല്ലുകളിലെയും ഇമാമുമാരും ഉണ്ടായിരുന്നു.
ചേലക്കുളം കാവുങ്ങൽപറമ്പ് സ്വദേശിയായിരുന്ന ഹരിഹര സുധൻ രണ്ടുമാസം മുമ്പ് മണീട് പ്രദേശത്തേക്ക് താമസം മാറ്റിയെങ്കിലും നാടുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. സെപ്റ്റംബർ ഒന്നിനാണ് ഹരിഹര സുധൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സുനി മരിച്ചത്. കാവുങ്ങൽപറമ്പ് മുഹ്യിദ്ദീൻ ജുമാമസ്ജിദ് മുറ്റത്ത് മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സ്ത്രീകളും കുട്ടികളും അടക്കം വൻ ജനക്കൂട്ടമാണ് അന്തിമോപചാരം അർപ്പിച്ചത്. മൂന്ന് മുസ്ലിം പള്ളികളിൽനിന്ന് മരണവാർത്ത വിളിച്ചറിയിക്കുകയും ചെയ്തു. സ്വന്തമായി വീടില്ലാത്ത ഹരിഹര സുധന് വീട് നിർമിച്ച് നൽകി കുടുംബത്തെ കാവുങ്ങൽപറമ്പിലേക്ക് തിരിച്ചുകൊണ്ടുവരാൻ അപ്പോൾതന്നെ നാട്ടുകാർ തീരുമാനിച്ചിരുന്നു. മറ്റ് രണ്ടുപേർ മൂന്നും മൂന്നരയും സെന്റ് വീതമാണ് വാഗ്ദാനം ചെയ്തത്.
ഹരിഹര സുധൻ നാട്ടിലെ ആരുടെ പ്രശ്നത്തിലും പരിഹാരത്തിന് മുന്നിൽനിന്ന വ്യക്തിയായിരുന്നു. നബിദിനത്തിൽ കുട്ടികളുടെ ഘോഷയാത്രയെ സ്വീകരിക്കാനും മധുരപലഹാര വിതരണത്തിനും മറ്റും മുന്നിലുണ്ടാകും. നബിദിനദിവസംതന്നെ വീടിന് തറക്കല്ലിട്ട് നൽകിയതും ഹരിഹര സുധന്റെ നാട്ടിലെ സൗഹൃദത്തിന്റെ തെളിവായി.
വീട് നിർമാണത്തിന് ബാബു സെയ്താലി രക്ഷാധികാരിയും മഹല്ല് സെക്രട്ടറി വി.ഐ. സൈനുദ്ദീൻ ചെയർമാനും അസീസ് വളപ്പിൽ ട്രഷററും അലിയാർ പറാട്ട് കൺവീനറുമായി കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.