സംവിധായകൻ ഹരിഹരന് ജെ.സി ഡാനിയൽ പുരസ്‌കാരം
text_fieldsതിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2019ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകൻ ടി. ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം.ടി. വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് ഹരിഹരനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സംസ്ഥാന സർക്കാറിെൻറ പരമോന്നത ചലചിത്ര പുരസ്കാരമാണ് ജെ.സി ഡാനിയൽ അവാർഡ്. 2016ൽ അടൂർ ഗോപാലകൃഷ്ണനും 2017ൽ ശ്രീ കുമാരൻ തമ്പിക്കും 2018ൽ നടി ഷീലക്കുമായിരുന്നു ജെ.സി ഡാനിയൽ അവാർഡ് ലഭിച്ചത്.
കഥാകൃത്തായും സംവിധായകനായും അര നൂറ്റാണ്ടു കാലം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ഹരിഹരൻ. കോഴിക്കോട്ടാണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, മാവേലിക്കര ഫൈൻ ആർട്‌സ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. ചലച്ചിത്ര നടൻ ബഹദൂറിനെ പരിചയപ്പെട്ടതോടെയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, പഴശ്ശിരാജ എന്നിവയാണ് കരിയറിലെ മികച്ച ചിത്രങ്ങൾ.
നിരവധി ദേശീയ, സംസ്ഥാന അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി. മാധവി, ഗീത, രംഭ, മനോജ് കെ. ജയൻ, മേഘനാഥൻ, ലക്ഷ്മി കൃഷ്ണമൂർത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരൻ ആയിരുന്നു.
1993ലെ സർഗ്ഗം സിനിമ മികച്ച ജനപ്രീതിയാർജ്ജിച്ച ചിത്രമായി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പരിണയം സിനിമക്ക് (1995) മികച്ച സാമൂഹ്യചിത്രത്തിനുള്ള ദേശീയപുരസ്കാരവും ലഭിച്ചു.
മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (പഴശ്ശിരാജ 2009), മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (പരിണയം 1994), മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (പരിണയം 1994), സർഗ്ഗം 1992 ), ജനപ്രിയ ചിത്രം (ഒരു വടക്കൻ വീരഗാഥ 1989, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച 1979) എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.