'കമ്മ്യൂണിസ്റ്റുകാരന്‍ ഉണ്ടാക്കിയ പൈപ്പിലെ വെള്ളം കുടിക്കുമ്പോള്‍ നന്ദിയോട് കൂടി കുടിക്കണം'-വിവാദമായി കൗൺസിലറുടെ പ്രസംഗം
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ഹരിപ്പാട് കൗണ്‍സിലര്‍ നടത്തിയ പ്രസംഗം വിവാദമായി. തനിക്ക് വോട്ട് ചെയ്യാത്തവരാരെന്നറിയാമെന്നും അവര്‍ക്ക് വരുന്ന അഞ്ച് വര്‍ഷം താന്‍ കൗണ്‍സിലറായിരിക്കില്ലെന്നും ഒരാവശ്യത്തിനും തന്നെ സമീപിക്കേണ്ടെന്നും സി.പി.എം കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആലപ്പുഴ ഹരിപ്പാട് നഗരസഭാ 9ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ വിജയിച്ചതിന് ശേഷം നടത്തിയ വിജയാഹ്ലാദ റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ.എസ് വിനോദ് 226 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്. ബി.ജെ.പി വ്യാപകമായി പണം നല്‍കി വോട്ട് മറിച്ചെന്ന ആരോപണവും കൃഷ്ണകുമാര്‍ ഉന്നയിക്കുന്നുണ്ട്.
പ്രസംഗം വിവാദമായതോടെ ക്ഷമാപണവുമായി കൃഷ്ണകുമാര്‍ രംഗത്തുവന്നു. 'നാവിന് പറ്റിയ പിഴവാണ്. തെറ്റിദ്ധരിക്കപ്പെട്ടതിൽ എനിക്ക് അഗാധമായ വിഷമവും വേദനയുമുണ്ട്. കൈവിട്ട വാക്ക് തിരിച്ചു പിടിക്കാൻ കഴിയില്ലെന്നറിയാം. ആ വാക്കുകൾ പിന്‍വലിച്ച് നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു. എല്ലാവരേയും ഒന്നായി കണ്ട് പ്രവർത്തിക്കുമെന്ന് ഉറപ്പു തരുന്നു'; കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ സി.പി.എം സിറ്റിങ് സീറ്റായ ഇവിടെ സി.പി.എമ്മിലെ നിഷയാണ് വിജയിച്ചിരുന്നത്. മുമ്പ് വനിതാ സംവരണ വാര്‍ഡായിരുന്നു ഇത്.
ഹരിപ്പാട് കൗണ്‍സിലര്‍ കൃഷ്ണകുമാറിന്‍റെ പ്രസംഗം:
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി ഞാന്‍ ഇവിടെ മല്‍സരിക്കാന്‍ വരുമ്പോള്‍ ഈ പ്രദേശത്തെ ഓരോ വീട്ടുകാരും അവരുടെ പുരയിടത്തില്‍ നിന്നും ഒരു കാല് റോഡിലേക്ക് വെക്കുമ്പോള്‍ കൃഷ്ണകുമാറിന്‍റെ നെഞ്ചത്തല്ല, കൃഷ്ണകുമാറുണ്ടാക്കിയ റോഡിലേക്കാണ് കാല് വെക്കുന്നതെന്ന ചിന്തയുണ്ടാകുന്നത് നന്നായിരിക്കും.
രണ്ടാമത് എനിക്ക് പറയാനുള്ളത്, കമ്മ്യൂണിസ്റ്റുകാരന്‍ ഉണ്ടാക്കിയ പൈപ്പിലെ വെള്ളം കുടിക്കുമ്പോള്‍ നന്ദിയോട് കൂടി കുടിക്കണം. ആ വെള്ളം തൊണ്ടയില്‍ നിന്നിറങ്ങുമ്പോള്‍ 'ഹരേ റാം, ഹരേ റാം' എന്ന് പറയുന്നതിന് പകരം 'ഹരേ കൃഷ്ണകുമാര്‍' എന്നുച്ചരിക്കാന്‍ നിങ്ങള്‍ പഠിക്കണം. ഇന്നലെത്തെ മഴയില്‍ കുരുത്ത ഒരു തകരക്ക് വേണ്ടി സ്വന്തം കൂടപിറപ്പിനെ തള്ളിപ്പറഞ്ഞ പരിഷകള്‍ ഓര്‍ത്തു കൊള്ളുക. വരുന്ന അഞ്ച് വര്‍ഷം ഞാന്‍ ഈ മുഴുവന്‍ പ്രദേശത്തെയും കൗണ്‍സിലറായിരിക്കത്തില്ല. മൈക്കിലൂടെ പറയുന്നതിന് എനിക്ക് ഒരു തടസ്സവുമില്ല. 2000ത്തില്‍ ഞാനിവിടെ പഞ്ചായത്ത് മെമ്പറായപ്പോള്‍ ഈ പ്രദേശത്തിന്‍റെ മുഴുവന്‍ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു. 2005ല്‍ എന്നെ വീണ്ടും തെരഞ്ഞെടുത്തപ്പോള്‍ ഞാന്‍ വീണ്ടും ഈ പ്രദേശത്തെ മുഴുവന്‍ ആളുകളെയും ഉള്‍കൊള്ളാന്‍ തയ്യാറായി. പലവഴി കലഹിച്ച്, ഭിന്നിച്ച് പോയവരെ ഒത്തുചേര്‍ത്ത്, ഇടതുകൈക്കൊണ്ടും വലതു കൈകൊണ്ടും കൂട്ടിചേര്‍ത്തു എല്ലാവരെയും ഒരുമിപ്പിച്ചു. ഈ പ്രദേശത്തിന്‍റെ വികസനത്തിന് വേണ്ടി കൃഷ്ണകുമാര്‍ കൊണ്ടുവന്നതല്ലാതെ ഒരു ഉടയതമ്പുരാനും ഒരു ചുക്കും ചെയ്തിട്ടില്ല എന്ന ഓര്‍മ്മ ഓരോ നിമിഷവും നിങ്ങളുടെ മനസ്സില്‍ വേണം.
ഇന്നലെ കുരുത്ത ബി.ജെ.പിയുടെ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം പ്രസ്ഥാനത്തെ തള്ളിപറയാന്‍ തയാറായ കുടുംബങ്ങളെ, എനിക്കറിയാം, ഞാന്‍ കണക്കുകൂട്ടിയതില്‍ നിന്നും മൂന്ന് കുടുംബങ്ങള്‍ എന്നെ ഒറ്റി. വോട്ടൊക്കെ കഴിഞ്ഞ് ഇത്രയും താമസിച്ചത് അത് കണ്ടുപിടിക്കാന്‍ തന്നെയാണ്. ഓരോ വോട്ടു എണ്ണുമ്പോഴും എനിക്ക് കൃത്യമായി അറിയാം ആരാണ് എനിക്ക് വോട്ട് ചെയ്തത് എന്ന്. എന്‍റെ കൂടെ നടക്കുമ്പോള്‍, കൂടെ ചിരിക്കുമ്പോള്‍ എല്ലാവരും കൃഷ്ണകുമാറിന് വോട്ട് ചെയ്തവരാണെന്ന ധാരണ കൃഷ്ണകുമാറിനില്ല. എനിക്ക് വോട്ട് ചെയ്യാമെന്ന് വാക്കുപറഞ്ഞിട്ട് തലേ ദിവസം രാത്രി ഒമ്പതര മണിക്ക് 4500 രൂപക്ക് വേണ്ടി എന്നെ ഒറ്റു കൊടുത്ത മൂന്ന് കുടുംബങ്ങള്‍. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ തൊട്ടുപിറകില്‍ ഞാനുണ്ടായിരുന്നു. തടസപ്പെടുത്താന്‍ ഞാന്‍ തയ്യാറാകാതിരുന്നത് എന്‍റെ മാന്യത.
രണ്ടാമത്തെ കാരണം, എനിക്ക് ചങ്കുറപ്പുണ്ടായിരുന്നു. എന്‍റെ പ്രസ്ഥാനത്തില്‍ വിശ്വാസമുണ്ടായിരുന്നു. നിങ്ങള്‍ പേടിക്കേണ്ട 4500 രൂപ കൊണ്ട് ഈ പ്രദേശത്തെ 221 വീട്ടുകാരെ ഒറ്റുകൊടുക്കാന്‍ കഴിയില്ലായെന്ന എന്‍റെ ആത്മവിശ്വാസമാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്.
എന്നെ ശ്രവിക്കുന്ന പുത്തന്‍ കൂറ്റുക്കാര്‍ ശ്രദ്ധിച്ചുകൊള്ളുക. 389 വോട്ട് ഞാന്‍ കണക്കുകൂട്ടിയതാണ്, രേഖപ്പെടുത്തിയതാണ്. പക്ഷേ എനിക്ക് കിട്ടിയത് 375 വോട്ടുകള്‍. 14 വോട്ടുകള്‍ മാത്രമാണ് ഈ പ്രവര്‍ത്തി കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത്. ആ 14 കുടുംബങ്ങളില്‍ രണ്ട് കുടുംബം കുറ്റിക്കാട്ടില്‍ ലക്ഷം വീട്ടില്‍ നിന്നാണ്. രണ്ട് കുടുംബം ഇവിടെ നിന്നുമാണ്. ദയവ് ചെയ്ത് ശ്രദ്ധിച്ചുകൊള്ളുക. അടുത്ത അഞ്ച് വര്‍ഷം ഞാന്‍ തന്നെയാണ് ഇവിടുത്തെ കൗണ്‍സിലര്‍. എന്നെ ഒരു കാര്യത്തിനും സമീപിക്കാന്‍ വരരുത്. ഈ പ്രദേശത്തെ റോഡ് കൃഷ്ണകുമാര്‍ നന്നാക്കുന്ന റോഡാണ്. ഒരു കോടി പത്ത് ലക്ഷം രൂപ പ്രളയത്തിന് സര്‍ക്കാര്‍ അനുവദിച്ച ഈ തുക ഉപയോഗിച്ച് തന്നെയാണ്, വേറെയാരുടെയും കുടുംബത്തിൽനിന്ന് കൊണ്ടുവന്നതല്ല. ബി.ജെ.പിക്കാരന്‍ നരേന്ദ്ര മോദിയുടെ കുടുംബത്തില്‍ നിന്നും കൊണ്ടുവന്ന കാശല്ല ഇവിടെ ചെലവാക്കുന്നത്. കമ്മ്യൂണിസ്റ്റുകാരനായ പിണറായി വിജയന്‍ നല്‍കിയ 60 ലക്ഷം രൂപക്കാണ് റോഡ് നിര്‍മിക്കാന്‍ പോകുന്നത്. അതിന്‍റെ മണ്ടക്ക് കേറി നില്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുക്കാരന്‍റെ നെഞ്ചത്തല്ലായെന്ന ഓര്‍മ്മയുണ്ടായിരിക്കണം. ബി.ജെ.പിക്കാരന്‍റെ നെഞ്ചത്താണെന്ന് ഞാന്‍ പറയാന്‍ തയ്യാറല്ല. കാരണം മനുഷ്യത്വം എനിക്കുള്ളത് കൊണ്ട് ഞാന്‍ അതിന് തയ്യാറാവുന്നില്ല. ഞാന്‍ ഇത്രയും പറയാതെ പോയാല്‍, നാളെ ഇളിച്ച് കൊണ്ട് എന്നെ സമീപിക്കുമ്പോള്‍ ഞാന്‍ നിങ്ങളെയെല്ലാവരെയും രണ്ടാം തരമായും മൂന്നാം തരമായിട്ടായിരിക്കും കാണുകയെന്നുള്ളത് നിങ്ങളുടെ മുഖത്ത് നോക്കി പറയണമെന്നത് ദൃഢനിശ്ചയമായത് കൊണ്ടാണ് ഞാന്‍ ഇവിടെ പറയാന്‍ തയ്യാറായതും ഇങ്ങനെ ഒരു സ്വീകരണം ഒരുക്കി ഈ പ്രദേശത്തേക്ക് കടന്നുവന്നതും.
വേറെ ഒരു കാര്യം നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത് പ്രദേശത്തിന്‍റെ വികസനത്തിന്, കേരളത്തിലെ ഏതൊരു പ്രദേശത്ത് നടക്കുന്ന വികസനത്തേക്കാളും ഭംഗിയായ രീതിയിലുള്ള വികസനം ഇവിടെ നടക്കും.അതിന് ഒരു ബി.ജെ.പിക്കാരന്‍റെയും ഓച്ഛാനം കൃഷ്ണകുമാറിനും കൃഷ്ണകുമാറിന്‍റെ പ്രസ്ഥാനത്തിനും ആവശ്യമില്ലായെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഞാന്‍ തയാറാണ്. പിന്നെ സുരേഷ് ഗോപിയെ കൊണ്ടുവന്ന ഉടനെ തന്നെ കൃഷ്ണകുമാറിനെ മാറ്റിമറിക്കാം എന്ന് കരുതിയവരോട്. ഒരു മാറ്റവുമുണ്ടായിട്ടില്ലായെന്ന് നെഞ്ചത്ത് കൈവെച്ച് കൊണ്ട് ശ്രദ്ധിച്ചുകൊള്ളുക. ഒരു മാറ്റവുമുണ്ടാവുകയില്ല. ഇനി മാറ്റം വല്ലതും ഉണ്ടാവണമെങ്കില്‍ കൃഷ്ണകുമാറിന്‍റെ ജീവവായു എന്‍റെ ശരീരത്തില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ലയിക്കണം. ലയിച്ച് കഴിഞ്ഞതിന് ശേഷമേ ഏതൊരു ബി.ജെ.പിക്കാരനും എന്തെങ്കിലും സാധിക്കൂ.
എനിക്ക് വോട്ട് ചെയ്ത 375 കുടുംബങ്ങള്‍ക്ക് നന്ദി.നന്ദി. മറ്റുള്ള ആര്‍ക്കും എന്‍റെ നന്ദിയില്ല, ആരും എന്നെ സമീപിക്കുകയും വേണ്ട. 375 പേരുടെ വാര്‍ഡ് കൗണ്‍സിലറായിട്ട് കൃഷ്ണകുമാര്‍ എന്ന ഞാന്‍ ഈ ജനത്തെ സാക്ഷിനിര്‍ത്തി ദൃഢനിശ്ചയം ചെയ്ത് പ്രഖ്യാപിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.