ക്രൂര മർദനം, മകനെതിരെ പരാതിയില്ലെന്ന് അമ്മ; ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് കേസെടുത്തു
text_fieldsഹരിപ്പാട്: പട്ടാളക്കാരനായ മകൻ വൃദ്ധ മാതാവിനോട് കാട്ടിയത് കൊടും ക്രൂരത. ഹരിപ്പാട് മുട്ടത്താണ് ക്രൂരമായ സംഭവം അരങ്ങേറിയത്. മുട്ടം ആലക്കോട്ട് നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മയെയാണ് (69) മകൻ സുബോധ് (37) അതിക്രൂരമായി മർദിച്ചത്. ഇയാളെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. മകൻ അമ്മയെ ക്രൂരമായി മർദിക്കുന്നതും എടുത്ത് എറിയുന്നതുമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിലുള്ളത്. മൂത്തമകൻ സുഗുണന്‍റെ കൂടെയാണ് അമ്മയും രോഗിയായ അച്ഛനും താമസിച്ചിരുന്നത്. സമീപത്ത് തന്നെയാണ് സുബോധിന്‍റെ വീടും. സുഗുണൻ്റെ വീട്ടിലെത്തി അമ്മയുമായി തർക്കത്തിലേർപ്പെട്ട സുബോധ് ഇവരെ ആക്രമിക്കുകയായിരുന്നു. സഹോദരനാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഫേസ്ബുക്കിലിട്ടത്.
മൂന്നു ദിവസം മുമ്പാണ് പട്ടാളക്കാരനായ സുബോധ് നാട്ടിലെത്തിയത്. വിഡിയോ ശ്രദ്ധയിൽ പെട്ട പൊലീസ് വീട്ടിലെത്തി അമ്മയുടെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും മകനെതിരെ പരാതി ഇല്ലെന്ന് പറഞ്ഞ് ശാരദാമ്മ ഒഴിഞ്ഞുമാറി. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് ദേഹോപദ്രവം ഏൽപിച്ച കുറ്റം ചുമത്തി സുബോധിനെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. റിമാൻ്റിലായ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.