ശ്രീ എമ്മിന് ഭൂമി നൽകുന്നത് നഗ്നമായ അഴിമതിയാണെന്ന് ഹരീഷ്; ഉത്തരവ് ചോദ്യം ചെയ്യും
text_fieldsസത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എമ്മിന് യോഗ സെന്‍റർ സ്ഥാപിക്കാൻ നാലേക്കർ ഭൂമി നൽകാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനത്തെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഭൂരഹിതർക്ക് മൂന്ന് സെന്‍റ് ഭൂമി പോലും നൽകാതിരിക്കുേമ്പാഴാണ് ആർ.എസ്.എസ് അനുകൂലിക്ക് നാലേക്കർ ഭൂമി നൽകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഇടതുപക്ഷക്കാർ ഇത് സംബന്ധിച്ച് തുടരുന്ന മൗനത്തെയും അദ്ദേഹം വിമർശിച്ചു.
ശ്രീ എമ്മിന് ഭൂമി നൽകാനുള്ള തീരുമാനത്തെ കോൺഗ്രസോ ബി.ജെ.പിയോ വിമർശിച്ചിട്ടില്ലെന്നും നേരത്തെ യു.ഡി.എഫ് ഇത്തരം ഭൂമി ദാനങ്ങൾ നടത്തിയപ്പോൾ എൽ.ഡി.എഫ് എതിർത്തിട്ടില്ലെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ശ്രീ എമ്മിന്‍റെ സ്വകാര്യ ട്രസ്റ്റിന് ഭൂമി കൊടുക്കാനുള്ള ഉത്തരവ് ഇറങ്ങിയാൽ താനതിനെ എതിർക്കുമെന്നും ഹരീഷ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ആദിവാസികൾക്കും മത്സ്യ തൊഴിലാളികൾക്കും കൊടുക്കാൻ 3 സെന്റ് സ്ഥലമില്ലാത്ത സർക്കാർ ശ്രീ.M എന്നു സ്വയം വിളിക്കുന്ന ഒരു RSS അനുകൂല വ്യക്തിക്ക്, തിരുവനന്തപുരത്ത് 4 ഏക്കർ സ്ഥലം പാട്ടത്തിനു നൽകിയ വാർത്തയോട് എത്ര ഇടതു ഹാന്റിലുകൾ പ്രതികരിക്കും എന്നു ഞാൻ നോക്കുകയായിരുന്നു. 10 വർഷത്തേക്ക് പാട്ടം പോയാൽ ഭൂമി വിറ്റതിനു തുല്യമാണെന്ന് ആർക്കാണ് അറിയാത്തത് !
യോഗയിൽ യൂണിവേഴ്‌സിറ്റി നൽകുന്ന അറിവോ പാണ്ഡിത്യമോ പോലും അങ്ങേർക്കുള്ളതായി അറിയില്ല. യോഗ വളർത്താൻ ആണെങ്കിൽ നയം തീരുമാനിച്ചു അതിൽ വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണം. സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ശ്രീ.M ഏത് വഴിയിൽ വന്നു?
ഇത് അതല്ല, നഗ്നമായ അഴിമതിയാണ്. UDF ന്റെ അവസാന കാലം സന്തോഷ് മാധവനു സഹായം പോലെ, ഇപ്പോൾ ഇയാൾ.
ഇനി UDF നെ നോക്കൂ, BJP യെ നോക്കൂ, ആരെങ്കിലും കാര്യമായി പ്രതികരിച്ചോ? ഭൂരഹിതരുടെ രാഷ്ട്രീയം പറയുന്നുണ്ടോ?
ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പറഞ്ഞോ? UDF ന്റെ കാലത്തെ വലിയ ഭൂമി തട്ടിപ്പ് പലതും ഒരു ഇടതു നേതാവും കോടതിയിൽ പോയി റദ്ദാക്കിയിട്ടില്ല. സർക്കാർ 5 വർഷം ഇരുന്നിട്ടും ചെയ്തില്ല.
ഇതൊരു പരസ്പര പുറംചൊറിയൽ തട്ടിപ്പാണ്. കൊള്ള സംഘത്തിലെ അംഗങ്ങൾ പരസ്പരം കാണിക്കുന്ന സ്നേഹം പോലെ, ഇടതുപക്ഷം തെറ്റു ചെയ്താൽ മിണ്ടാതെ, കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ഇരിക്കണം എന്നാണ് അണികളുടെ ലൈൻ. എതിർക്കുന്നവനെ ലേബൽ അടിച്ചോ തെറി വിളിച്ചോ ഒതുക്കണം എന്നാണ് അവർ പഠിച്ചിരിക്കുന്നത്.
ശ്രീ.M നു 4 ഏക്കർ ഭൂമി നൽകാനുള്ള ഉത്തരവ് ഇറങ്ങട്ടെ, ഞാനത് ചോദ്യം ചെയ്യും. കേരളത്തിലെ അവസാന ഭൂരഹിതനും ഭൂമി കൊടുത്തിട്ട് മതി, തദ്ദേശ സ്ഥാപനങ്ങൾക്ക് പൊതുആവശ്യത്തിനു ഭൂമി ആവശ്യമില്ലെങ്കിൽ മാത്രം മതി, സർക്കാർ ഭൂമിയിൽ ഇരുന്ന് സ്വകാര്യ ട്രസ്റ്റിന്‍റെ യോഗപഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.