ഹാരിസൺസ് ഭൂമി: പ്രത്യേക സെൽ രൂപവത്കരിക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: ഹാരിസൺസ് ഭൂമി തിരിച്ചുപിടിക്കുന്നതിന് പ്രത്യേക സെൽ രൂപവത്കരിക്കാൻ റവന്യൂ വകുപ്പിെൻറ നീക്കം. ഹാരിസൺസ് അനധികൃതമായി കൈവശംവെച്ചിരിക്കുന്ന തോട്ടഭൂമി ഏറ്റെടുക്കണമെങ്കിൽ നിലവിലെ സംവിധാനം പോരെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂനിയമങ്ങളെക്കുറിച്ച ശരിയായ ധാരണയുള്ള അഞ്ച് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപവത്കരിച്ചാലേ സർക്കാറിന് ഇക്കാര്യത്തിൽ മുന്നോട്ട് പോകാനാവൂ.
ഹാരിസൺസ് നിയമവിരുദ്ധമായാണ് ഭൂമി കൈവശംവെച്ചിരിക്കുന്നതെന്ന് നിവേദിത പി. ഹരൻ മുതൽ രാജമാണിക്യം വരെയുള്ളവരുടെ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞെങ്കിലും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചപറ്റി. അഡ്വ. സുശീല ആർ. ഭട്ടിനെ നീക്കിയതും തിരിച്ചടിയായിട്ടുണ്ട്. അസിസ്റ്റൻറ് തസ്തികയിലുള്ള ഉദ്യോഗസ്ഥന് ഹാരിസൺസ് കേസ് മുന്നാട്ടു കൊണ്ടുപോകാനാവില്ല. അതിനാലാണ് സെൽ രൂപവത്കരിക്കാൻ ആലോചിക്കുന്നത്. നിയമവകുപ്പിൽനിന്ന് സമയബന്ധിത ഇടപെടലുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. നിവേദിത പി. ഹരൻ അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്നപ്പോൾ കേസ് ഗൗരവത്തോടെ മുന്നോട്ടു പോയിരുന്നു. എന്നാൽ, നിലവിൽ മന്ദഗതിയിലാണ്. അഡ്വക്കറ്റ് ജനറലിെൻറ ഓഫിസ് സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്നിട്ടും കേസ് തോറ്റു. ഫലത്തിൽ കേസിെൻറ വാദം തുടങ്ങിയപ്പോൾതന്നെ സർക്കാറിനെതിരായ വിധി ഉണ്ടാവുമെന്ന് പലരും വിലയിരുത്തിയിരുന്നു.
അതേസമയം, സെക്രട്ടേറിയറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥർ ഹാരിസൺസിന് അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്. വിജിലൻസ് ഡിവൈ.എസ്.പി എൻ. നന്ദനൻപിള്ള നടത്തിയ അന്വേഷണത്തിൽ ഹാരിസൺസ് ഹാജരാക്കിയ 1923 ലെ ഉടമ്പടി രേഖ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധെൻറയും ഫോറന്സിക് ലാബിലെയും പരിശോധനക്ക് അയച്ചിരിക്കുകയാണ് രേഖകൾ. അതിെൻറ കാലപ്പഴക്കം, അക്ഷരവടിവ്, പേപ്പറിെൻറ ഗുണനിലവാരം തുടങ്ങിയവ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കണം. എന്നാൽ, ആ രേഖകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഹാരിസൺസ് കമ്പനി അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.