ഹരിത: എം.എസ്.എഫ് ദേശീയ നേതൃത്വത്തെ പ്രതിക്കൂട്ടിലേറ്റാൻ ശ്രമം
text_fieldsകോഴിക്കോട്: എം.എസ്.എഫിെൻറ വിദ്യാർഥിനി വിഭാഗമായ 'ഹരിത'ക്കെതിരായ നടപടിയിലൂടെ മുസ്ലിം ലീഗ് വ്യാപക വിമർശനം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ വിഷയത്തിൽ ഹരിതക്കൊപ്പം നിലയുറപ്പിച്ച എം.എസ്.എഫ് ദേശീയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ നീക്കം. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെ പിന്തുണക്കുന്ന വിഭാഗമാണ് എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി ഉൾപ്പെടെയുള്ളവരെ പ്രതിക്കൂട്ടിലേറ്റുന്നത്. ഹരിതക്ക് പിൻബലമേകുന്നത് ദേശീയ നേതൃത്വമാണെന്നാണ് ഇൗ വിഭാഗം മുസ്ലിം ലീഗ് നേതൃത്വത്തോട് പരാതിപ്പെട്ടത്. നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ അഷ്റഫലിയാണെന്ന ആരോപണവുമായി രണ്ടു സംസ്ഥാന ഭാരവാഹികളും മലപ്പുറം ജില്ല ഭാരവാഹികളുമാണ് രംഗത്തെത്തിയത്. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരെ വനിത കമീഷനിലടക്കം പരാതിയെത്തിയത് ദേശീയ അധ്യക്ഷെൻറ അറിവോടെയാണെന്ന് ഇവർ പറയുന്നു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്ലിയ കഴിഞ്ഞ ദിവസം ഹരിതക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ഭാരവാഹികളായ കബീർ മുതുപറമ്പ്, വി.എ. വഹാബ് എന്നിവർക്കെതിരായ പരാതി ഹരിതയിൽനിന്ന് ലഭിച്ചപ്പോൾതന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റി വിഷയത്തിൽ ഇടപെട്ടിരുന്നു. ഇരുകൂട്ടരെയും കേട്ട ശേഷം മുസ്ലിം ലീഗ് നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ തെറ്റുപറ്റിയെന്ന് നവാസ് തന്നെ സമ്മതിച്ച സാഹചര്യത്തിൽ നടപടി വേണമെന്ന് നിർദേശിച്ചു. വിഷയത്തിെൻറ ഗൗരവം നേതൃത്വത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതാണ് നവാസ് വിഭാഗത്തെ പ്രകോപിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പരാതി വ്യാജമാണെന്ന് അഷ്റഫലി 'മാധ്യമ'ത്തോട് പറഞ്ഞു. അതിൽ പറയുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണ്. എം.എസ്.എഫിൽ ഔദ്യോഗിക പക്ഷമെന്നോ മറ്റൊരു പക്ഷമെന്നോ ഇല്ല. സംഘടന രീതികൾ അറിയാത്തവർ എഴുതിയ പരാതിയാണിത്. ദേശീയ പ്രസിഡൻറ് എന്ന നിലയിൽ സംഘടനാപരമായ കാര്യങ്ങളിൽ നേരിട്ട് കിട്ടിയ പരാതികളിൽ ഇടപെടേണ്ടവയിൽ ഇടപെട്ടിട്ടുണ്ട്. ഹരിത സംസ്ഥാന കമ്മിറ്റിയുടെ പരാതിയെയും അതിെൻറ മെറിറ്റിൽ സമീപിച്ചിട്ടുണ്ട്. റിപ്പോർട്ട് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയിട്ടുണ്ടെന്നും അഷ്റഫലി വ്യക്തമാക്കി. അതേസമയം, പ്രവർത്തനം മരവിപ്പിച്ചത് ഇതുവരെ ഹരിത നേതൃത്വത്തെ ലീഗ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരം മാത്രമേ തങ്ങൾക്കുള്ളൂവെന്നാണ് ഭാരവാഹികൾ പറയുന്നത്.
സംഘടനയിലുണ്ടായ ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോവുകയും അപമാനിക്കുകയും ചെയ്തിട്ടും ഹരിത ഭാരവാഹികൾ പൊതുജന മധ്യത്തിൽ വിഷയം പറയാതെ പാർട്ടി വേദികളിൽ മാത്രമാണ് ഉന്നയിച്ചത്. വനിത കമീഷനിൽ പരാതി നൽകിയത് മാത്രമാണ് അച്ചടക്ക ലംഘനമായി ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും ലഭിക്കുന്ന പിന്തുണയാണ് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തങ്ങളുടെ ഊർജമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അതിനിടെ, മരവിപ്പിച്ച ഹരിത പുനഃസംഘടിപ്പിച്ച് പ്രവർത്തനം പുനരാരംഭിക്കാനുള്ള നീക്കവും ലീഗിനകത്തുണ്ട്. നിലവിലെ ഭാരവാഹികളെ മാറ്റി പുതിയ നേതൃത്വത്തെ കണ്ടെത്താനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.