ഹരിത: അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ല; ഇനിയും തലകൾ ഉരുളുമെന്ന് സൂചന
text_fieldsകോഴിക്കോട്: 'ഹരിത'പ്രശ്നത്തിൽ കൂടുതൽ നടപടിയുമായി മുസ്ലിംലീഗ് മുന്നോട്ടുപോകുന്നത് വ്യക്തമായ മുന്നറിയിപ്പോടെ. അച്ചടക്ക ലംഘനം നടത്തുന്നത് എത്ര ഉന്നതരായാലും വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നേതൃത്വത്തിെൻറ നീക്കം. പിരിച്ചുവിട്ട ഹരിത സംസ്ഥാന ഭാരവാഹികളുടെ ലീഗ് നേതൃത്വത്തിനെതിരായ നീക്കത്തിന് ഫാത്തിമ തഹ്ലിയ അടക്കമുള്ള എം.എസ്.എഫിലെ ഒരു വിഭാഗത്തിെൻറ പിന്തുണയുണ്ടെന്ന് പാർട്ടി വിശ്വസിക്കുന്നു. നേതൃത്വത്തിനെതിരെ ഗൂഢാലോചന നടത്തിയ ചിലർകൂടി നേതൃത്വത്തിെൻറ ഹിറ്റ് ലിസ്റ്റിലുണ്ട്. പരസ്യപ്രതികരണത്തിന് മുതിരുന്നവർക്കെതിരെ നടപടിയെടുക്കാനും ഗൂഢാലോചനയിൽ പങ്കാളികളായവരെ പുനഃസംഘടനയിൽ ഒതുക്കാനുമാണ് നീക്കം.
അച്ചടക്കവിരുദ്ധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന ശക്തമായ നിലപാടിലാണ് മുസ്ലിംലീഗ് മലപ്പുറം ജില്ല പ്രസിഡൻറും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സാദിഖലി തങ്ങൾ. സമവായ നീക്കത്തിലൂടെ പരമാവധി വിട്ടുവീഴ്ചചെയ്ത് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്ന പഴയ നേതൃത്വത്തിൽനിന്ന് വ്യത്യസ്തമായി, തീരുമാനങ്ങളിൽ കാർക്കശ്യം പുലർത്തുന്ന സാദിഖലി തങ്ങളുടെ നിലപാടാണ് തഹ്ലിയക്കെതിരായ നപടിയിൽ പ്രതിഫലിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എം.എസ്.എഫിൽ രൂപപ്പെട്ട 'ഉപജാപ'പ്രവർത്തനങ്ങൾക്കെതിരെ നേരേത്തതന്നെ സാദിഖലി തങ്ങൾ ഇടപെട്ടിരുന്നു.
സംസ്ഥാന എം.എസ്.എഫ് പ്രസിഡൻറായി പി.കെ. നവാസ് അവരോധിതനായത് അങ്ങനെയാണ്. ഹരിത മലപ്പുറം ജില്ല കമ്മിറ്റി രൂപവത്കരണത്തിലും ഇടപെടൽ നടത്തി സാദിഖലി തങ്ങൾ മുന്നറിയിപ്പു നൽകി. ഇപ്പോഴത്തെ അച്ചടക്ക നടപടികളും ഇതിെൻറ തുടർച്ചയാണ്. എം.എസ്.എഫിലെ ചില തലകൾ കൂടി ഉരുളാനുണ്ടെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. തഹ്ലിയയുടെ നേതൃത്വത്തിലുള്ള പഴയ ഹരിത സംഘത്തിെൻറ പുതിയ നീക്കങ്ങൾ പാർട്ടി നിരീക്ഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പൊതുസമൂഹത്തിൽ നടക്കുന്ന ചർച്ചയെ ഗൗനിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.