ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായി, രൂക്ഷമായ സൈബർ ആക്രമണം നടത്തുന്നു -'ഹരിത' മുൻ നേതാക്കൾ
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ്, എം.എസ്.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി 'ഹരിത' മുൻ നേതാക്കൾ. ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായെന്നും രൂക്ഷമായ സൈബർ ആക്രമണമാണ് തങ്ങൾക്കെതിരെ നടത്തുന്നതെന്നും ഇവർ ആരോപിച്ചു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് 'ഹരിത' മുൻ നേതാക്കൾ ഇക്കാര്യം ഉന്നയിച്ചത്.
മുൻ സംസ്ഥാന പ്രസിഡൻറ് മുഫീദ തസ്നിയും മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുമടക്കം നേതാക്കളാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. പ്രശ്നം ഉന്നയിച്ച് പാർട്ടിയിൽ ആർക്കൊക്കെ കത്ത് നൽകി, മറുപടികൾ എന്തെല്ലാമായിരുന്നു തുടങ്ങിയ തെളിവുകളുമായാണ് 'ഹരിത' മുൻ നേതാക്കൾ വാർത്താ സമ്മേളനത്തിനെത്തിയത്.
ഒരു സൈബർ ക്രിമിനലാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്നാണ് സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി യോഗത്തിൽ എം.എസ്.എഫ് പ്രസിഡൻറ് പറഞ്ഞത്. ഹരിത നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വരെ ഇദ്ദേഹമാണ് നിർമിക്കുന്നത്, ഞങ്ങൾ അടക്കമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും വരെ അദ്ദേഹത്തിൻെറ കൈയ്യിലുണ്ട് എന്നെല്ലാം പറഞ്ഞു. ഇതെല്ലാം കേട്ട് ഞങ്ങൾക്ക് പ്രതികരിക്കാതിരിക്കാനായില്ല -നജ്മ തബ്ഷീറ പറഞ്ഞു.
വായനയിലൂടെയും ഇടപെടലിലൂടെയും ഞങ്ങൾ ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ള കാപിറ്റലിനെ റദ്ദ് ചെയ്തുകൊണ്ട് ആരോ പറയുന്ന വാക്കുകൾക്ക് ചാടിക്കളിക്കുന്ന കുരങ്ങൻമാരായി ഞങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
ഞങ്ങൾ നേരിടുന്നത് രണ്ടോ മൂന്നോ ആളുകളുടെ പ്രശ്നമല്ല. ഇതിനകത്തെ പെൺകുട്ടികളുടെ ഐഡൻറിറ്റിയെ ചോദ്യം ചെയ്യുന്നതാണ് പ്രശ്നം. ഇതേ ആദർശത്തിൽ തന്നെ മുന്നോട്ട് പോകണമെന്നുണ്ട്. വിശാല അർത്ഥത്തിൽ ജനാധിപത്യം ഉൾകൊള്ളുന്ന പെൺകുട്ടികളുടെ കൂട്ടായ്മയായി മുന്നോട്ടുപോകണമെന്നുണ്ട് -'ഹരിത' മുൻ നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.