ലൈംഗികച്ചുവയോടെ സംസാരിച്ചു' എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെ വനിതാ കമീഷനിൽ ഹരിതയുടെ പരാതി
text_fieldsകോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തി അപമാനിച്ചെന്ന് ആരോപിച്ച് എം.എസ്.എഫ് നേതാക്കൾക്കെതിരെ വിദ്യാർഥിനി വിഭാഗമായ 'എം.എസ്.എഫ് ഹരിത' ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയതിനെച്ചൊല്ലി മുസ്ലിം ലീഗിൽ പുതിയ വിവാദം. ഹരിതയുടെ മലപ്പുറം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ഇതോടെ പുതിയ വഴിത്തിരിവിലെത്തി. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ഭാരവാഹികളുടെ യോഗത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസും ഫോണിലൂടെ മലപ്പുറം ജില്ല ജന. സെക്രട്ടറി വി. അബ്ദുൽ വഹാബും സ്ത്രീവിരുദ്ധ പരാമർശനം നടത്തിയെന്നതാണ് പരാതി. മുസ്ലിം ലീഗ് നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് വനിത കമീഷനെ സമീപിച്ചതെന്ന് ഹരിത ഭാരവാഹികൾ പറഞ്ഞു.
ഹരിതയിൽ ഭാരവാഹി പുനഃസംഘടന നടക്കുന്നതിനിടെ മലപ്പുറം ജില്ല കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയോട് ആലോചിക്കാതെ ഏകപക്ഷീയമായി തെരഞ്ഞെടുത്ത നടപടിക്കെതിരെ ഹരിത സംസ്ഥാന കമ്മിറ്റി രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് പാണക്കാട് സാദിഖലി തങ്ങൾക്കും മറ്റു നേതാക്കൾക്കും ഭാരവാഹികൾ പരാതി നൽകിയിരുന്നു.
തുടർന്ന് പ്രശ്നം ചർച്ച ചെയ്യാൻ കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നവാസ് മോശം പരാമർശം നടത്തിയതെന്ന് പരാതിയിൽ വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്ത ഹരിത സംസ്ഥാന ഭാരവാഹിയോട്- 'ഒരു വേശ്യക്കും ന്യായീകരണമുണ്ടാകുമല്ലോ, അത് പറയൂ' എന്ന് പറഞ്ഞാണ് അപമാനിച്ചതത്രെ. ഹരിതയുടെ നേതാക്കൾ പ്രസവിക്കാത്ത ഒരുതരം പ്രത്യേക ഫെമിനിസ്റ്റുകളാണെന്നും മറ്റും മലപ്പുറം ജില്ല സെക്രട്ടറി വി. അബ്ദുൽ വഹാബ് പ്രചരിപ്പിച്ചതായും പരാതിയിൽ ആരോപിച്ചു.
പ്രശ്നത്തിൽ നിയമ നടപടി സ്വീകരിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ഇടപെടണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഹരിത നേതാക്കളായ മുഫീദ തസ്നി (വയനാട്), നജ്മ തബ്ഷീറ (മലപ്പുറം), വി.കെ. ഷംന (കോഴിക്കോട്), ജുവൈരിയ (പാലക്കാട്), മിന ഫർസാന (മലപ്പുറം), ഫർഹ (കണ്ണൂർ), ബരീര താഹ (കൊല്ലം), അനഘ (കോഴിക്കോട്), വി.പി. ഫസീല (മലപ്പുറം), ആഷിദ (എറണാകുളം) എന്നിവരാണ് പരാതിയിൽ ഒപ്പുവെച്ചത്. അതേസമയം, ഹരിതയുടെ പരാതി ലഭിച്ചിരുന്നെന്നും ഇരു വിഭാഗവുമായും പ്രശ്നം ചർച്ച ചെയ്ത് പരിഹാരത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും അതിനിടയിൽ വനിത കമീഷനിൽ പരാതി നൽകാനിടയായ സാഹചര്യം അറിയില്ലെന്നും മുസ്ലിം ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
സംഘടന ചട്ടക്കൂടിനകത്തുനിന്ന് പരിഹരിക്കേണ്ട വിഷയം വനിത കമീഷനിൽ എത്തിച്ചത് ദൗർഭാഗ്യകരമാണ്. 'ഹരിത' ഉയർത്തിയ വിഷയങ്ങളും വനിത കമീഷന് പരാതി നൽകിയ പ്രശ്നവും പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഹരിത'ഭാരവാഹികൾ വനിത കമീഷനു നൽകിയ പരാതി ഗൗരവതരമാണെന്ന് കമീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. അങ്ങേയറ്റം സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് ഭാരവാഹികൾക്കെതിരെ നടത്തിയതെന്നും കാസർകോട് വനിത കമീഷൻ സിറ്റിങ്ങിനുശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.