കേരളം ക്ലീനാക്കി ഹരിതകർമ സേന
text_fieldsകൊച്ചി: സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തിൽ മുന്നേറ്റം നടത്തി ക്ലീൻ കേരള കമ്പനി. ഹരിത കർമ സേനക്ക് വീടുകളിൽ നിന്ന് ഒന്നര ലക്ഷത്തോളം ടൺ അജൈവ മാലിന്യം ശേഖരിക്കാൻ കഴിഞ്ഞു. ഇതിൽ പുനരുപയോഗിക്കാവുന്നവ വേർതിരിച്ച് സംസ്കരിച്ച് രണ്ടായിരം കിലോയിലധികം പ്ലാസ്റ്റിക് ഉൽപാദിപ്പിക്കാനുമായിട്ടുണ്ട്.
സംസ്ഥാനത്തെ 35,000ഓളം ഹരിതകർമ സേനാംഗങ്ങൾ വഴി വീടുകളിൽനിന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കൾ പഞ്ചായത്തുകളിലെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികളിൽ (എം.സി.എഫ്) എത്തിക്കുകയും ഇവിടെനിന്ന് തരം തിരിച്ച് നിശ്ചിത വിലയ്ക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
തരംതിരിച്ച അജൈവ മാലിന്യം പുനഃസംസ്കരണ യൂനിറ്റുകൾക്കാണ് ക്ലീൻ കേരള കമ്പനി നൽകുന്നത്. ഇതിന് ഓരോന്നിനും വ്യത്യസ്ത വിലയും നിശ്ചയിച്ചിട്ടുണ്ട്. ചില മാലിന്യം നൽകുമ്പോൾ കമ്പനിക്ക് പണം ലഭിക്കുമെങ്കിൽ ചിലത് സംസ്കരിക്കുന്നതിന് കമ്പനി അങ്ങോട്ട് പണം നൽകണം. മാലിന്യം വിറ്റ് കിട്ടുന്ന ലാഭമാണ് ജീവനക്കാരുടെ ശമ്പളമടക്കം കമ്പനിയുടെ പ്രവർത്തനത്തിന് വിനിയോഗിക്കുന്നത്.
നിലവിൽ പ്രതിമാസം ശരാശരി 6000 ടൺ പാഴ്വസ്തു ശേഖരിക്കുന്നുണ്ട്. ഇതിൽ 1200 ടണ്ണോളം പുനഃസംസ്കരിക്കാവുന്നവയാണ് ജി.കെ. സുരേഷ് ബാബു ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ
കർമരംഗത്തെ ഹരിതം
- അഞ്ചുവർഷം കൊണ്ട് ക്ലീൻ കേരള കമ്പനി ശേഖരിച്ച് സംസ്കരിച്ചത് 1.45 ലക്ഷം ടൺ അജൈവ മാലിന്യം.
- ഇതിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്: 33,762 ടൺ
- ഇതിൽനിന്ന് ഉൽപാദിപ്പിച്ചത്: 2192 കിലോ സംസ്കരിച്ച പ്ലാസ്റ്റിക്
- അഞ്ചു വർഷംകൊണ്ട് ഹരിതകർമസേനാംഗങ്ങൾക്ക് ലഭിച്ച പ്രതിഫലം 23.32 കോടി രൂപ
- സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത മാലിന്യം: 1.03 ലക്ഷം ടൺ
- ഇലക്ട്രോണിക് മാലിന്യം 1069.07 ടൺ
- അപകടകരമായ മാലിന്യം 112.45 ടൺ
- ഗ്ലാസ് മാലിന്യം 5180.78 ടൺ.
- ചെരിപ്പ്, ബാഗ്, തെർമോകോൾ, തുണി, മരുന്ന് സ്ട്രിപ്, ഉപയോഗശൂന്യമായ ടയർ എന്നിവയെല്ലാം ശേഖരിച്ചവയിൽപെടുന്നു. 10 വർഷത്തിനിടെ 1.63 ലക്ഷം ടൺ മാലിന്യം ഇങ്ങനെ ശേഖരിച്ചു.
മാലിന്യം എന്ത് ചെയ്യുന്നു?
- സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത പാഴ്വസ്തുക്കൾ സിമന്റ് ഫാക്ടറികൾക്ക് നൽകും.
- ട്യൂബ്, എൽ.ഇ.ഡി ബൾബുകൾ തുടങ്ങിയ അപകടകരമായ മാലിന്യം കിലോക്ക് 50 രൂപയും നികുതിയും ഈടാക്കി സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കും. ഇവ കൊച്ചിയിൽ വ്യവസായ വകുപ്പിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് കൈമാറും. സംസ്കരണച്ചെലവ് കിലോക്ക് 48 രൂപ.
- സർക്കാർ സ്ഥാപനങ്ങളിൽനിന്ന് കിലോക്ക് 10 രൂപ നിരക്കിൽ ഇ-മാലിന്യം എടുക്കും.ഈ ഇനത്തിൽ സർക്കാറിന് ക്ലീൻ കേരള കമ്പനി ഇതിനകം രണ്ടുകോടിയിലധികം രൂപ നൽകിയിട്ടുണ്ട്.
- മരുന്ന് സ്ട്രിപ്പുകളും മറ്റും കേരളത്തിന് പുറത്തെ ഫാക്ടറികളിൽ എത്തിച്ച് ഫർണസുകളിൽ ഇന്ധനമായി ഉപയോഗിക്കും. ഇതിന് കിലോക്ക് 50 പൈസ മുതൽ ഒരു രൂപ വരെ കമ്പനികൾക്ക് അങ്ങോട്ട് ഫീസ് നൽകണം.
- ഗ്ലാസ് മാലിന്യവും മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികൾക്കാണ് നൽകുക. ഇതിന് കിലോക്ക് രണ്ടുരൂപ വരെ ക്ലീൻ കേരളക്ക് കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.