മാലിന്യം വേർതിരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി; മനം കവർന്ന് മഹേശ്വരി!
text_fieldsഅങ്കമാലി: പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വർണമാല ഉടമക്ക് തിരിച്ച് നൽകി അന്തർ സംസ്ഥാന തൊഴിലാളിയായ ഹരിത കർമ്മസേനാംഗം മാതൃകയായി. ദേശം പുറയാർ ഗാന്ധിപുരം സ്വദേശിനിയായ സീനത്തിൻറെ നഷ്ടപ്പെട്ട രണ്ട് ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് തമിഴ്നാട് സ്വദേശിനിയായ മഹേശ്വരി തിരിച്ചുനൽകിയത്. ഒരു മാസം മുമ്പാണ് മാല നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ വാർഡിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സീനത്തിൻറെ വീട്ടിൽനിന്ന് ചാക്കിൽ നിറച്ചുവെച്ച മാലിന്യം വാങ്ങിയത്. ശേഷം ചാക്കിൽ നിന്ന് മാലിന്യം നിലത്ത് കുടഞ്ഞിട്ട് തരം തിരിക്കുന്നതിനിടെയാണ് സ്വർണമാലയുടെ മുറിഞ്ഞ ഭാഗം മഹേശ്വരിക്ക് കിട്ടിയത്. ഉടനെ വീടിനകത്തായിരുന്ന സീനത്തിനെ വിളിച്ച് സ്വർണമാല കിട്ടിയ വിവരം അറിയിച്ചു.
എട്ട് ഗ്രാം തൂക്കമുണ്ടായിരുന്ന മാലയുടെ ഒരു ഭാഗമാണ് ലഭിച്ചത്. ഇത് ഒരു മാസം മുമ്പാണ് മുറിഞ്ഞ്പോയത്. പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കാണാതെ വന്നതോടെ സീനത്ത് ഉപേക്ഷിച്ച മട്ടിലായിരുന്നു. അതിനിടെയാണ് തിരിച്ചുകിട്ടിയത്.
മഹേശ്വരിയുടെ സത്യസന്ധ്യത മനസ്സിലാക്കിയ സീനത്തിൻറെ വീട്ടുകാർ വാർഡംഗം നഹാസ് കളപ്പുരയിലിനെ വിവരമറിയിക്കുകയും തുടർന്ന് നഹാസിൻറെ സാന്നിധ്യത്തിൽ മാല കൈമാറുകയുമായിരുന്നു. സംഭവം അറിഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലിയും മഹേശ്വരിയെ ഫോണിൽ വിളിച്ച്ട്ട് അഭിനന്ദിച്ചു.
ഇഷ്ടിക കളത്തിലെ ജോലിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി ദേശം ഭാഗത്തെത്തിയ മഹേശ്വരി മാതാപിതാക്കൾക്കൊപ്പമാണ് പുറയാർ ഭാഗത്ത് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.