ഹരിതകർമസേനയും സ്മാർട്ടാവുന്നു; ഇനി എല്ലാം 'കാണും'
text_fieldsകണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹരിതകര്‍മസേന സ്മാർട്ടാകുന്നതോടെ ഇനി എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സഹായകരമായ 'സ്മാര്‍ട്ട് ഗാര്‍ബേജ്' മൊബൈല്‍ ആപ്ലിക്കേഷന്‍റെ അവസാനഘട്ട പരിശീലനം അടുത്തയാഴ്ച ആരംഭിക്കും.
ഹരിതകര്‍മസേനയെ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ ജില്ലയിലെ 34 പഞ്ചായത്തുകളിലെയും ആന്തൂർ, മട്ടന്നൂർ നഗരസഭകളിലെയും പ്രവര്‍ത്തനങ്ങള്‍ സ്മാർട്ടാക്കുന്നത്. ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികളും ക്രമക്കേടും ഇതുവഴി ഒഴിവാക്കാനാവും. വീടുകളിൽ പതിപ്പിക്കുന്ന ക്യു.ആർ കോഡ് ഉപയോഗിച്ച് സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷൻ മുഖേന വിവരങ്ങൾ ശേഖരിക്കും.
വീടുകളിൽനിന്ന് ശേഖരിക്കുന്ന സാധനങ്ങളുടെ അളവും തൂക്കവും ഒടുക്കിയ യൂസർഫീയും അതത് സ്ഥലത്തുവെച്ചുതന്നെ അപ് ലോഡ് ചെയ്യും. മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലെ സൗകര്യവും ആപ്പിൽ ലഭ്യമാകും. ഈ വിവരങ്ങൾ ജില്ലതലത്തിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്കും പരിശോധിക്കാനാവും. ഓരോ ദിവസവും ശേഖരിച്ച മാലിന്യവും ലഭിച്ച തുകയും സംബന്ധിച്ച വിവരവും ലഭിക്കും. ഹരിതകർമസേനയോട് സഹകരിക്കാത്തവരുടെ വിവരങ്ങൾ ശേഖരിക്കാനും രേഖയായി സൂക്ഷിക്കാനും സൗകര്യമുണ്ട്. ജി.പി.എസ് സംവിധാനമുള്ളതിനാൽ ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തനവും നിരീക്ഷിക്കപ്പെടും.
മൊബൈൽ ആപ് ഉപയോഗിക്കാനും വിവരങ്ങൾ അപ് ലോഡ് ചെയ്യാനും ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുമുള്ള പരിശീലനമാണ് അടുത്തയാഴ്ച നൽകുക. കിലയുടെ സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നതെന്ന് ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരന്‍ പറഞ്ഞു. ഏപ്രിലിൽ ക്യു.ആർ കോഡ് പതിപ്പിക്കലും മറ്റ് പ്രവർത്തനങ്ങളും പൂർത്തിയാക്കും.
സ്വന്തമായി മൊബൈൽഫോൺ സൗകര്യമില്ലാത്ത സേനാംഗങ്ങൾക്ക് സ്പോൺസർഷിപ്പിലൂടെയോ സി.എസ്.ആർ ഫണ്ടുപയോഗിച്ചോ ഫോൺ വാങ്ങിക്കാൻ തദ്ദേശസ്ഥാപനങ്ങൾ സൗകര്യമൊരുക്കാൻ സർക്കാർ നിർദേശമുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാത്തവർക്ക് കെൽട്രോൺ മുഖേന വിദഗ്ധ പരിശീലനം നൽകും. ക്യു.ആർ കോഡ് പ്രിന്‍റിങ്, ലാപ്ടോപ് വാങ്ങൽ, ഫോൺ റീചാർജിങ് എന്നിവക്ക് വകയിരുത്തിയ തുക തദ്ദേശസ്ഥാപനങ്ങൾക്ക് ചട്ടപ്രകാരം നേരിട്ട് ചെലവഴിക്കാമെന്ന് ഉത്തരവായി.
വിവരശേഖരണം ഉടൻ തുടങ്ങും. ഓരോ തദ്ദേശസ്ഥാപനവും ശുചിത്വമിഷനും പദ്ധതി വികസിപ്പിച്ച കെൽട്രോണുമായി അടുത്തഘട്ടത്തിൽ ത്രിതല കരാറിൽ ഒപ്പുവെക്കും.
പയ്യന്നൂർ, ഇരിട്ടി, തലശ്ശേരി, പാനൂർ തുടങ്ങിയ നഗരസഭകളിൽ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നേരത്തെ തന്നെ സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതി നടപ്പാക്കിയിരുന്നു. ഇത്തരം സ്വകാര്യ ആപ്പുകളിലെ വിവരങ്ങൾകൂടി സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലേക്ക് മാറ്റും. സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ ജില്ലതല ഉദ്യോഗസ്ഥർക്കും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.