ഹരിതകേരളം മിഷൻ പരിസ്ഥിതിസംഗമം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsതിരുവനന്തപുരം: ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതിസംഗമം 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപനരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.
24 ന് വൈകീട്ട് 5.30 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
മന്ത്രി വി.ശിവൻകുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആദരവ് നൽകും. നെറ്റ്സീറോ കാർബൺ കേരളം ജനങ്ങളിലൂടെ മൊബൈൽ ആപ്പ് പ്രകാശനവും, ക്യാമ്പയിൻ മാർഗരേഖ പ്രകാശനവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയാറാക്കിയ ഭൂപടം പ്രകാശനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
ആന്റണി രാജു എം.എൽ.എ, ശശിതരൂർ എം.പി എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എസ്. നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ചെയ്യും. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ സെക്രട്ടറി എസ്.ഹരികിഷോർ, തദ്ദേശസ്വയംഭരണ സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ഡബ്യു.എം.പി.പ്രോജക്ട് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, ആസൂത്രണ ബോർഡ് മെമ്പർ ഡോ. ജിജു.പി. അലക്സ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ.സീമ സ്വാഗതവും പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദിയും പറയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.