എം.എസ്.എഫ് വിവാദത്തിൽ വിശദീകരണവുമായി 'ഹരിത' നേതാവ്: 'പരാതി നൽകിയിട്ടും നടപടിയില്ല, നീതിയില്ലെങ്കിൽ നീ തീയാവുക'
text_fieldsമലപ്പുറം: എം.എസ്.എഫ് നേതാക്കൾ വനിതാവിഭാഗമായ 'ഹരിത'യുടെ നേതാക്കളെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ കൂടുതൽ വിശദീകരണവുമായി 'ഹരിത' മലപ്പുറം ജില്ല നേതാവ് എം. ഷിഫ. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വനിതാകമ്മീഷന് പരാതി നൽകിയത്. 'നിരവധി തവണ പരാതി നൽകിയിട്ടും നടപടി ആവശ്യപ്പെട്ടിട്ടും നേതൃത്വം അനങ്ങുന്നില്ല. ഞങ്ങൾ പിന്നെ എന്ത് ചെയ്യണം. നീതിയില്ലെങ്കിൽ നീ തീയാവുക' -ഷിഫ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഹരിതയിൽ പ്രവർത്തിക്കാത്ത, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റിന്‍റെ ടീച്ചറെ 'ഹരിത' മലപ്പുറം ജില്ല പ്രസിഡന്‍റ് ആയി നിയമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഷിഫ ചൂണ്ടിക്കാട്ടി. ഹരിത പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞുമായിരുന്നു ഇത്. സംഭവം സോഷ്യൽ മീഡിയയിൽ ഉൾെപ്പടെ വലിയ ചർച്ചയായി. ഇതിന്‍റെ പേരിൽ പെൺകുട്ടികളെ എം.എസ്.എഫ് മലപ്പുറം ജില്ല ജന. സെക്രട്ടറി വി.എ. വഹാബ് ഭീഷണിപ്പെടുത്തി. തുടർന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസായ കോഴിക്കോട്ടെ ഹബീബ് സെന്‍ററിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് വേശ്യ പ്രയോഗം നടത്തി. തുടർന്ന് ഈ യോഗം പി.എം.എ സലാമിന്‍റെ നിർദ്ദേശ പ്രകാരമാണ് പിരിച്ചുവിട്ടത്. സംഭവത്തിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നുവെന്നും ഷിഫ ചൂണ്ടിക്കാട്ടി.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ രൂപം:
ഹരിത വിവാദത്തിന്‍റെ 51 ദിനങ്ങൾ
ദേശീയ എം.എസ്.എഫ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് 38 ദിവസമായിട്ടും നടപടിയില്ല
25-05-2021 ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നു. ഹരിത, ടെക്ഫെഡ്, മെഡിഫെഡ് ജില്ല കമ്മിറ്റികൾ ജൂൺ 10 ന് മുമ്പ് രുപീകരിക്കാൻ നിർദ്ദേശം നൽകുന്നു
08 - 06-21 ന് മലപ്പുറം ജില്ല ഹരിത കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഹരിത സംസ്ഥാന കമ്മിറ്റി എം എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുന്നു
10-06-21 പരാതി നിലനിൽക്കെ ഹരിത പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും ഞങ്ങളും തങ്ങളും രൂപീകരിക്കാം എന്നും മറ്റും പറഞ്ഞും നേരത്തെ ഹരിതയിൽ പ്രവർത്തിക്കാത്ത എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടിന്‍റെ സ്വന്തം ടീച്ചറെ മലപ്പുറം ജില്ല ഹരിത പ്രസിഡണ്ട് ആക്കുന്നു.
ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ ചർച്ചയാകുന്നു.
പെൺകുട്ടികളെ മലപ്പുറം ജില്ല എം എസ് എഫ് ജനറൽ സെക്രട്ടറി വി എ വഹാബ് ഭീഷണിപ്പെടുത്തുന്നു
22-06-2021 ന് കോഴിക്കോട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഹബീബ് സെന്ററിൽ വെച്ച് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് വേശ്യ പ്രയോഗം നടത്തുന്നു .പി എം എ സലാം സാഹിബിൻ്റെ നിർദ്ദേശ പ്രകാരം യോഗം പിരിച്ചു വിടുന്നു
24-06- 21 ന് ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുന്നു
10-07-21 ന് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് അയച്ച കത്ത് മാധ്യമങ്ങളിൽ വാർത്തയാകുന്നു
19-07 - 21 ന് സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം ഹരിത പ്രതിനിധികളെ മാറ്റിനിർത്തി എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി വിളിച്ച് ചേർക്കുന്നു.ഭാരവാഹികളും ജില്ല പ്രസിഡണ്ട് സെക്രട്ടറി മാരും സംസ്ഥാന പ്രസിഡണ്ടിന്റെ പരാമർശം ലീഗ് നേതൃത്വത്തെ ബോധ്യപെടുത്തുന്നു.നടപടിക്ക് ആവശ്യപ്പെടുന്നു
26-07-2021 ന് ഹരിത സംസ്ഥാന പ്രസിഡണ്ട് ,ജനറൽ സെക്രട്ടറി ,എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്,ജന:സെക്രട്ടറി, എം.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡണ്ട് ജനറൽ സെക്രട്ടറി,ഭാരവാഹികൾ എന്നിവരുടെ യോഗം ലീഗ് നേതൃത്വം വിളിച്ച് ചേർക്കുന്നു പരാതികൾ ബോധ്യപ്പെടുത്തുന്നു
എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി വാട്സപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഹരിത ഭാരവാഹികളെ പരിഹസിക്കുന്നു .നേതൃത്വം അനങ്ങുന്നില്ല.
ഞങ്ങൾ പിന്നെ എന്ത് ചെയ്യണം
നീതിയില്ലെങ്കിൽ നീ തീയാവുക
ഷിഫ.എം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.