പൊലീസ് അന്വേഷണത്തിൽ അനാസ്ഥ –ഹരിത മുൻഭാരവാഹികൾ
text_fieldsകോഴിക്കോട്: എം.എസ്.എഫ് നേതാക്കൾക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയിൽ പൊലീസ് അന്വേഷണത്തിൽ അനാസ്ഥയുണ്ടെന്ന് സംസ്ഥാന വനിത കമീഷന് മുമ്പാകെ 'ഹരിത' മുൻ ഭാരവാഹികളുടെ പരാതി. കോഴിക്കോട് ടൗൺഹാളിൽ നടന്ന വനിത കമീഷൻ മെഗ അദാലത്തിലാണ് 'ഹരിത' മുൻ പ്രസിഡൻറ് മുഫീദ തസ്നിയും മുൻ ജനറൽ െസക്രട്ടറി നജ്മ തബ്ഷീറയും പൊലീസിനെതിരെ ആക്ഷേപമുന്നയിച്ചത്. അന്വേഷണത്തിൽ വീഴ്ചയോ കാലതാമസമോ പാടില്ലെന്ന് വ്യക്തമാക്കിയ വനിത കമീഷൻ ചെയർപേഴ്സൻ പി. സതീദേവിയും അംഗം എം.എസ്. താരയും െപാലീസിനോട് വിശദീകരണം ചോദിക്കുമെന്ന് ഉറപ്പുനൽകി. വിഷയം അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനും മലപ്പുറം ജില്ല ജനറൽ െസക്രട്ടറി വി. അബ്ദുൽ വഹാബിനുമെതിരെയാണ് നേരത്തേ 'ഹരിത' വനിത കമീഷന് പരാതി നൽകിയത്. പത്തു പേർ ഒപ്പിട്ട പരാതിയാണ് നൽകിയത്. പ്രതിനിധികൾ മതിയെന്ന് കമീഷൻ അറിയിച്ചതിനെ തുടർന്നാണ് മുഫീദയും നജ്മയും അദാലത്തിനെത്തിയത്. നവാസും വഹാബും ഹാജരായില്ല. ഇരുവർക്കും നോട്ടീസ് അയച്ചതായി വനിത കമീഷൻ അധ്യക്ഷ പറഞ്ഞു. പരാതിയിൽ ചെമ്മങ്ങാട് പൊലീസ് നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടശേഷം കാര്യമായ പുരോഗതിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥയായ സി.ഐ സി. അനിത കുമാരി അവധിയിൽ പോയെന്നും പരാതിക്കാർ കമീഷെൻറ ശ്രദ്ധയിൽപ്പെടുത്തി.
അന്വേഷണത്തിൽ വീഴ്ചയില്ലാതെ നീതി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യമെന്ന് പി. സതീദേവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. യഥായോഗ്യം അന്വേഷണം നടക്കുന്നുണ്ടെന്നുറപ്പുവരുത്തും. എതിർകക്ഷികൾക്ക് തപാലിൽ നോട്ടീസ് അയച്ചതാണ്. നോട്ടീസ് ൈകപ്പറ്റിയോ എന്നു വ്യക്തമല്ല. കേസ് അവസാനിപ്പിച്ചിട്ടില്ല. അന്വേഷണ സ്ഥിതി മനസ്സിലാക്കിയശേഷം വിശദീകരണം ആവശ്യമുണ്ടെങ്കിൽ വീണ്ടും നോട്ടീസ് അയക്കുമെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.