ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി; പി.എച്ച് ആയിശ ബാനു പ്രസിഡൻറ്, റുമൈസ റഫീഖ് സെക്രട്ടറി
text_fieldsകോഴിക്കോട്: എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിരിച്ചുവിട്ട 'ഹരിത' സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. പി.എച്ച് ആയിശ ബാനുവിനെ (മലപ്പുറം) സംസ്ഥാന പ്രസിഡൻറായും, റുമൈസ റഫീഖിനെ (കണ്ണൂർ) ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പിരിച്ചുവിട്ട 10 അംഗ കമ്മിറ്റിക്ക് പകരം ഒമ്പത് അംഗ കമ്മിറ്റിയെ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു.
നയന സുരേഷ് (മലപ്പുറം) ട്രഷററാണ്. നജ് വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസർകോട്), അയ്ഷ മറിയം (പാലക്കാട്) എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. സെക്രട്ടറിമാർ: അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫർസാന (എറണാകുളം).
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ യോഗത്തിനിെട പോഷകസംഘടനയായ 'ഹരിത'യിെല നേതാക്കളോട് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.െക. നവാസ് ലൈംഗിക പരാമർശം നടത്തിയെന്ന് കാട്ടി പത്തോളം വനിതകൾ വനിത കമീഷന് പരാതി നൽകുകയായിരുന്നു. ഫോണിലൂടെ അസഭ്യവാക്കുകൾ പറഞ്ഞതായി എം.എസ്.എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെതിരെയും പരാതിയുണ്ട്.
എം.എസ്.എഫിൻെറയും 'ഹരിത'യുടെയും ഭാരവാഹികളെ വിളിച്ചുവരുത്തി മുസ്ലിം ലീഗ് നേതൃത്വം ചർച്ച നടത്തുകയും ഖേദം പ്രകടിപ്പിക്കാൻ എം.എസ്.എഫിനും വനിത കമീഷനിലെ പരാതി പിൻവലിക്കാൻ 'ഹരിത' ഭാരവാഹികൾക്കും നിർദേശം നൽകി. എന്നാൽ 'ഹരിത' പരാതി പിൻവലിച്ചില്ല. തുടർന്ന്, കടുത്ത അച്ചടക്ക ലംഘനത്തിൻെറ പേരിൽ എന്ന് വ്യക്തമാക്കി 'ഹരിത' സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചുവിട്ടു.
മുഫീദ തസ്നി പ്രസിഡൻറും നജ്മ തബ്ഷീറ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. സംഘടനയുടെ പ്രഥമ ജനറൽ സെക്രട്ടറിയും നിലവിൽ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറുമായ ഫാത്തിമ തഹ്ലിയ, 'ഹരിത'ക്ക് നീതി ലഭിച്ചില്ലെന്ന് പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നവാസിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.