ലീഗിെൻറ അനുഗ്രഹാശിസ്സുമായി ഹരിത സംസ്ഥാന കമ്മിറ്റി
text_fieldsമലപ്പുറം: എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത'യിലെ വിവാദങ്ങൾക്കൊടുവിൽ സംഘടനക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചത് മുസ്ലിം ലീഗ് നേതൃത്വം നേരിട്ട്. 'ഹരിത' ജില്ല കമ്മിറ്റികളോട് ആശയവിനിമയം നടത്തി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയായിരുന്നു മുൻകാലങ്ങളിൽ പ്രഖ്യാപനം നിർവഹിച്ചിരുന്നത്. എം.എസ്.എഫ് നിയന്ത്രണത്തിലായിരിക്കും ഹരിത എന്ന് സംഘടന ഭരണഘടനയിലുമുണ്ട്. എന്നാൽ, പുതിയ സാഹചര്യത്തിൽ ഹരിത ജില്ല കമ്മിറ്റികളോട് ആലോചിക്കുകയോ എം.എസ്.എഫിനെ ഏൽപ്പിക്കുകയോ ചെയ്യാതെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, 'ഹരിത കൂട്ടായ്മ' എന്ന പേരിൽ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമാകാനാണ് പിരിച്ചുവിട്ട കമ്മിറ്റിയിലെ ഭാരവാഹികളുടെ നീക്കം.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ നയിച്ച സംഭവവികാസങ്ങൾ ലീഗ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഹരിതയുടെ പത്ത് സംസ്ഥാന ഭാരവാഹികളാണ് നവാസിനെതിരെ വനിത കമീഷനിൽ നൽകിയ പരാതിയിൽ ഒപ്പിട്ടത്. ട്രഷറർ പി.എച്ച്. ആയിഷ ബാനു, സെക്രട്ടറി ഷാഹിദ റാഷിദ് എന്നിവർ കൂട്ടത്തിലില്ലായിരുന്നു. ഇവർ രണ്ടുപേരും പുതിയ നേതൃത്വത്തിൽ ഇടംപിടിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പുതിയ ജില്ല കമ്മിറ്റികൾ നിലവിൽ വന്നത്. മലപ്പുറമൊഴികെ നാല് കമ്മിറ്റികളും മുൻ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ടതാണ്. ഇവരുടെ എതിർപ്പിനെ മറികടന്ന് മലപ്പുറം ജില്ല കമ്മിറ്റിയെ എം.എസ്.എഫ് പ്രഖ്യാപിച്ചപ്പോഴായിരുന്നു ആദ്യ പൊട്ടിത്തെറി.
ഹരിതയുടെ പത്താം പിറന്നാൾ ദിനമായ സെപ്റ്റംബർ 11ന് രാത്രി 'വനിത സംഘടനകളുടെ ജന്മദൗത്യം എന്ത്' എന്ന പേരിൽ ക്ലബ് ഹൗസ് ചർച്ച നടന്നിരുന്നു. 'ഹരിത കൂട്ടായ്മ' എന്ന പേരിൽ മുൻ ഭാരവാഹികളാണ് ഇത് സംഘടിപ്പിച്ചത്. പിരിച്ചുവിടപ്പെട്ട കമ്മിറ്റിയിലെ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ നിയന്ത്രിച്ച ചർച്ചയിൽ മുൻ പ്രസിഡൻറ് മുഫീദ തസ്നി, ഭാരവാഹികളായിരുന്ന മിന ഫർസാന, ജുവൈരിയ, മുൻ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി എം. ശിഫ എന്നിവർ നിലപാടുകൾ ആവർത്തിച്ചപ്പോൾ അനുഭാവികളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും പിന്തുണച്ചു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്ലിയ കേൾവിക്കാരുടെ കൂട്ടത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.