ഹരിതയുടെ പുതിയ ഭാരവാഹികൾ ലീഗ് നേതാക്കളെ സന്ദർശിച്ചു
text_fieldsമലപ്പുറം: എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ മുസ്ലിം ലീഗ്, വനിത ലീഗ് നേതാക്കളെ സന്ദർശിച്ചു. തിങ്കളാഴ്ച രാവിലെ മലപ്പുറം ലീഗ് ഹൗസിലെത്തിയ ഇവർ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. വനിത ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹറ മമ്പാട് ഭാരവാഹികളെ മധുരം നൽകി സ്വീകരിച്ചു.
ഹരിത സംസ്ഥാന പ്രസിഡൻറ് പി.എച്ച്. ആയിഷ ബാനു, വൈസ് പ്രസിഡൻറ് ഷഹീദ റാഷിദ്, അയ്ഷ മറിയം, ജനറൽ സെക്രട്ടറി റുമൈസ റഫീഖ്, സെക്രട്ടറിമാരായ അഫ്ഷില ഷഫീഖ്, അഖീല ഫർസാന എന്നിവരാണ് നേതാക്കളെ കണ്ടത്. വനിത ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സറീന ഹസീബ്, സാജിദ സിദ്ദീഖ് തുടങ്ങിയവരും സംബന്ധിച്ചു.
ഹരിത വിവാദം ലീഗിനെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്ന് പി.എം.എ. സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത് കൂടിയാലോചനകൾക്ക് ശേഷമാണ്. മറ്റു ലക്ഷ്യങ്ങളോടെയുള്ളതാണ് ഒറ്റപ്പെട്ട രാജി. വിവാദം സജീവമാക്കാൻ ചിലർ ആഗ്രഹിക്കുന്നുണ്ട്. സമവായത്തിന് പരമാവധി ശ്രമിച്ചതാണ്. നേതൃത്വത്തിന് അയച്ചുവെന്ന് പറയപ്പെടുന്ന കത്തുകൾ കിട്ടിയത് മാധ്യമങ്ങൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.