ഹർ ഘർ തിരംഗയ്ക്ക് ഇന്ന് തുടക്കം; രാജ്യത്താകെ തലയുയർത്തി ദേശീയപതാക
text_fieldsന്യൂഡൽഹി / തിരുവനന്തപുരം: രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ സ്വാതന്ത്ര്യദിന പരിപാടികൾക്ക് സംസ്ഥാനത്തും തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഹർ ഘർ തിരംഗ എന്ന പേരിലാണ് വിപുലമായ പരിപാടികൾക്ക് കേന്ദ്ര സർക്കാർ അഹ്വാനം ചെയ്തിരിക്കുന്നത്. വലിയ ആഘോഷങ്ങൾക്കാണ് ഇത്തവണ രാജ്യം സാക്ഷിയായിരിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവ് എന്നതിലൂടെ കേന്ദ്ര സർക്കാർ നേരത്തെ തന്നെ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു. കൂടുതൽ ആഘോഷങ്ങളുടെ ഭാഗമായാണ് എല്ലാ വീടുകളിലും ദേശീയ പതാക എന്ന ആശയവുമായി ഹർ ഘർ തിരംഗയ്ക്ക് ഇന്ന് തുടക്കമാകുന്നത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രീതിയിലുള്ള ദേശീയ പതാക ഉയർത്തൽ എല്ലാ വീടുകളിലും ഇപ്പോൾ നടന്നുവരുന്നത്.
ഇന്ന് രാവിലെ എട്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ വസതിയിൽ ദേശീയ പതാക ഉയർത്തി. എം.പിമാർ, സംസ്ഥാന മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങി എല്ലാവരും ഇതിന്റെ ഭാഗമായി ചേർന്ന് ദേശീയ പതാക ഉയർത്തി. ദേശീയ പതാകയുടെ കോഡ് ഓഫ് കോണ്ടാക്ട് ഹോണർ ഓഫ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഇപ്പോൾ പതാക ഉയർത്തുന്നത്.
സാധാരണ ദേശീയ പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളും ചട്ടങ്ങളുമുണ്ട്. എന്നാൽ 75 -ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാണ് ഭേദഗതികൾ വരുത്തിയിട്ടുള്ളത്. സാധാരണക്കാർ, നേതാക്കൾ തുടങ്ങിയവർ രാജ്യത്തോടുള്ള ആദരവ് കാണിക്കുന്ന ചടങ്ങാണ് ഇന്ന് മുതൽ രാജ്യത്ത് കാണാൻ സാധിക്കുക. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ദേശീയ പതാക ഉയർത്തുകയെന്നതാണ് ലക്ഷ്യം.
സംസ്ഥാനത്ത് കുടുംബശ്രീ മുഖാന്തിരം അവർ തന്നെ തുന്നി തയാറാക്കിയ ദേശീയ പാതകകൾ നേരത്തെ തന്നെ സ്കൂളുകളിലും സ്ഥാപനങ്ങളിലുമായി വിതരണം ചെയ്തിരുന്നു. ഹർ ഘർ തിരംഗയിൽ പങ്കാളിയായി നടൻ മോഹൻലാൽ കൊച്ചിയിലെ വീട്ടിൽ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വസതിയിൽ രാവിലെ എട്ടിനാണ് പതാക ഉയർത്തിയത്.
പ്രധാന മന്ത്രിയുടെ ആഹ്വനത്തെ ഏറ്റെടുക്കുകയാണെന്നും രാജ്യത്ത് ആഘോഷം നടക്കുമ്പോൾ താൻ അഭിമാനത്തോടെയാണ് ഇതിൽ പങ്കാളിയാകുന്നതെന്നും എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന ആഹ്വാനമാണ് താനും ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ശാസ്തമംഗലത്തെ വീട്ടിൽ സുരേഷ് ഗോപി ഭാര്യ രാധികക്കൊപ്പം ദേശീയപതാക ഉയർത്തി.
ശേഷം പുഷ്‌പാർച്ചനയും നടത്തി. 365 ദിവസവും വീടുകളിൽ ദേശീയപതാക പാറുകയും എല്ലാ വീടുകളിലും ഒരു ഫ്ലാഗ് പോസ്റ്റ് ഉണ്ടായി സ്വാതന്ത്ര്യ ദിനങ്ങളിലും റിപ്പബ്ലിക്ക് ദിനങ്ങളിലും ഇതുപോലെ കൊടികൾ പറക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ഇതൊരു പ്രധാനമന്ത്രിയുടെയോ പ്രസിഡിന്റേയോ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മാത്രം ചടങ്ങ് അല്ല, രാജ്യം ഒന്നടങ്കം ഇതിന്റെ ഭാഗമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിപുലമായ രീതിയിൽ തന്നെ സർക്കാർ സ്ഥാപനങ്ങൾ, വായനശാലകൾ, നാട്ടിലുള്ള ക്ലബ്ബുകൾ, സ്കൂളുകൾ തുടങ്ങി എല്ലായിടത്തും ഇത്തരത്തിൽ ദേശീയ പതാക ഉയർത്താനുള്ള നിർദേശം നൽകിയിട്ടുണ്ട്. പ്രോട്ടോകോളുമായി ബന്ധപ്പെട്ട് കൃത്യമായ സന്ദേശം നൽകിയിട്ടുണ്ട്. സാധാരണ നിലയിൽ രാത്രി പതാക ഉയർത്തി കെട്ടാൻ അനുവാദമില്ല. എന്നാൽ ഇത്തവണ 13 മുതൽ 15 വരെ നീളുന്ന ദിവസങ്ങളിൽ രാത്രി പതാക അഴിച്ചു മാറ്റേണ്ടതില്ലെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.