പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ദോഷം; വനമേഖലയിൽ വിദേശ വൃക്ഷങ്ങൾ ഒഴിവാക്കും
text_fieldsതിരുവനന്തപുരം: തോട്ടങ്ങളെ സ്വാഭാവിക വനമാക്കാൻ നടപടി പുരോഗമിക്കവെ, വനമേഖലകളിൽ വിദേശീയ ഇനം വൃക്ഷത്തൈ നടീൽ വനംവകുപ്പ് അവസാനിപ്പിക്കുന്നു. 2018 മുതൽ ഈ നടപടികൾക്ക് തുടക്കമിട്ടെങ്കിലും കാര്യക്ഷമമായിരുന്നില്ല. ഇത്തരം തോട്ടങ്ങൾ സ്വാഭാവിക വനവിസ്തൃതി കുറക്കുെന്നന്നും വന്യമൃഗങ്ങളുടെ ആവാസത്തിന് ഭീഷണിയാകുെന്നന്നും കണ്ടെത്തിയാണ് തീരുമാനം കർശനമാക്കുന്നത്. വനവിസ്തൃതി കുറയുന്നത് കാരണം കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ചേക്കേറുന്നതായും വിലയിരുത്തുന്നു.
തോട്ടങ്ങൾ സ്വാഭാവികവനമാക്കി മാറ്റുന്നതിനൊപ്പം കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾക്ക് കൂടുതൽ ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. വനമേഖലകളിൽ ഏതാണ്ട് 30,000 ത്തോളം ഹെക്ടറിലാണ് വിദേശീയ വൃക്ഷങ്ങൾ നട്ടത്. യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ എന്നീ ഇനങ്ങൾ വ്യവസായ ആവശ്യങ്ങൾക്കായാണ് നട്ടത്. ഘട്ടംഘട്ടമായി ഇവ സ്വാഭാവികവനമാക്കും.
വനത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന മഞ്ഞക്കൊന്ന, ലന്റാന, മൈക്കേനിയ തുടങ്ങിയ മരങ്ങർ നീക്കം ചെയ്യും. ഈ പ്രദേശങ്ങളിൽ മണ്ണ് സംരക്ഷണം, ജലസംരക്ഷണം, ചെക്ക്ഡാം നിർമാണം, കുളം നിർമാണം, പുൽമേടുകളുടെയും ജലസ്രോതസുകളുടെ പുനരുദ്ധാരണം തുടങ്ങിയവ നടത്തും.
വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. 620 കോടിയുടെ അഞ്ചുവർഷ പദ്ധതിക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ച നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചു. സംഘർഷം രൂക്ഷമായ 25 ടെറിട്ടോറിയൽ ഡിവിഷനുകളിലെയും 10 വൈൽഡ് ലൈഫ് ഡിവിഷനുകളിലെയും പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 685 കിലോമീറ്റർ സോളാർ പവർ ഹാങ്ങിങ് ഫെൻസ്, 132 കിലോമീറ്റർ ആന കിടങ്ങ് എന്നിവ പുതുതായി നിർമിക്കും. പത്തുവർഷത്തിനിടെ വന്യമൃഗ ആക്രമണം മൂലം 1088 പേർ മരിച്ചത് ഗൗരവമായി കണ്ടാണ് സ്വാഭാവിക വനവിസ്തൃതി വർധിപ്പിക്കാനുള്ള പുതിയ നീക്കങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.