പരീക്ഷയെഴുതിയത് കമ്പ്യൂട്ടറിൽ, പരിമിതിയെ തോല്പിച്ച് മിന്നും ജയവുമായി ഹാറൂണ്‍ കരീം
text_fieldsമങ്കട (മലപ്പുറം): കാഴ്ചപരിമിതിയെ തോല്പിച്ച് സംസ്ഥാനത്താദ്യമായി കമ്പ്യൂട്ടര്‍ സഹായത്തോടെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ഹാറൂണ്‍ കരീം മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി താരമായി.
വിദ്യാഭ്യാസ മന്ത്രി പ്രത്യേകം അഭിനന്ദിക്കുക കൂടി ചെയ്തതോടെ മങ്കട ഗവ. ഹൈസ്കൂൾ വിദ്യാർഥിയായ ഹാറൂണിെൻറ സന്തോഷം ഇരട്ടിയായി. നൂറ് ശതമാനം കാഴ്ചപരിമിതനായിട്ടും കമ്പ്യൂട്ടറില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയെന്ന നേട്ടമാണ് ഈ വിദ്യാർഥി സ്വന്തമാക്കിയത്.
ഉത്തരങ്ങള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിൻറ് എടുക്കുന്ന രീതിയാണ് ഉപയോഗിച്ചത്. എട്ടാം ക്ലാസ് മുതല്‍ ഇതേ രീതിയിലാണ് ഹാറൂണ്‍ പരീക്ഷകള്‍ എഴുതിയത്. എസ്.എസ്.എല്‍.സി പരീക്ഷ അതേരീതിയില്‍ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും ആദ്യം അനുമതി ലഭിച്ചില്ല. വീണ്ടും അപേക്ഷ നല്‍കിയതിെൻറ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. മേലാറ്റൂര്‍ തൊടുകുഴി കുന്നുമ്മല്‍ അബ്ദുല്‍കരീം-സബീറ ദമ്പതികളുടെ മകനായ ഹാറൂണ്‍ കരീം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കമ്പ്യൂട്ടറില്‍ സ്വന്തം സോഫ്റ്റ്വെയര് വികസിപ്പിച്ച് ശ്രദ്ധേയനായിരുന്നു.
സോഫ്റ്റ്വെയര് എന്‍ജിനീയറാകാനാണ് ആഗ്രഹം. നേട്ടത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം മങ്കട ഹൈസ്കൂൾ അധ്യാപകരും ആഹ്ലാദത്തിലാണ്. വള്ളിക്കാപറ്റ സ്പെഷല്‍ സ്കൂളിലാണ് ഹാറൂണ്‍ കരീം ഏഴുവരെ പഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.