ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ കോളജ്
text_fieldsകളമശ്ശേരി: കോവിഡ് ചികിത്സയിലിരിക്കെ കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ചികിത്സാപിഴവ് മൂലമല്ല മരണം. ഹാരിസിന് ഗുരുതര രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓക്സിജൻ ലെവൽ കുറവായിരുന്നു. അമിതവണ്ണവും പ്രമേഹവും അലട്ടിയിരുന്നു. മനുഷ്യസാധ്യമായ ചികിത്സകൾ നൽകിയെന്നും പ്രിൻസിപ്പൽ വി. സതീശ് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് നഴ്സിങ് ഓഫിസറുടെയും ജൂനിയർ ഡോക്ടറുടെയും വെളിപ്പെടുത്തലിനെ തുടർന്നാണ് മെഡിക്കൽ കോളജിൽ വാർത്തസമ്മേളനം വിളിച്ചത്. ആശുപത്രിയിലെ വെൻറിലേറ്റർ സംവിധാനം കാര്യക്ഷമമാണ്. ശബ്ദസന്ദേശം നൽകിയ നഴ്സിങ് ഓഫിസർ ജലജാദേവി ഐ.സി.യു കെയറുമായി ബന്ധമുള്ള ജീവനക്കാരി അല്ല. അടുത്ത കാലത്താണ് അവർ ആശുപത്രിയിൽ എത്തുന്നത്. നഴ്സിങ് ഓഫിസറുടെ ശബ്ദ സന്ദേശം ശരിവെച്ച ജൂനിയർ ഡോ. നജ്മ താൽക്കാലിക ഡോക്ടറാണ്.
അവധിയിൽ ഇരുന്ന് കൊണ്ടാണ് ജലജാദേവി സൂം മീറ്റിങ്ങിൽ പങ്കെടുത്തത്. പൊതു നിർദേശങ്ങളാണ് നൽകിയത്. ഓക്സിജൻ ഡെലിവറി സംവിധാനം ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. നഴ്സിങ് ഓഫിസർ സ്വന്തം ഭാവനയിൽ കാര്യങ്ങൾ അവതരിപ്പിച്ചതാണ്. കീഴ്ജീവനക്കാർ ജാരൂകരാകാനാണ് അങ്ങനെ പറഞ്ഞതെന്നാണ് ജലജാദേവിയുടെ വിശദീകരണം. ഡോക്ടർ നജ്മയോട് വിശദീകരണം തേടുകയും നടപടി എടുക്കുകയും ചെയ്യും.
മികച്ച ചികിത്സ നൽകുന്ന സ്ഥാപനമാണ് മെഡിക്കൽ കോളജ്. ആരോപണങ്ങൾ സത്യമല്ല. ആശുപത്രിക്ക് ഒന്നും മറച്ചുവെക്കാനില്ല. വിഷയത്തിൽ അന്വേഷണം നടക്കട്ടെ. ഹാരിസിെൻറ കുടുംബം ആവശ്യപ്പെട്ടതിനാലാണ് ചികിത്സ ഉപകരണത്തിെൻറ പണം മടക്കി നൽകിയത്. ഹാരിസിെൻറ രോഗം ഭേദമായി എന്ന തരത്തിലുള്ള ശബ്ദസന്ദേശം തെറ്റാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.