ഹാരിസൺസ്: ആധാരത്തിൽ 63 തിരിമറിയെന്ന് ഫോറൻസിക് ലാബ്
text_fieldsകൊച്ചി: ഹാരിസൺസ് കമ്പനി അധികൃതർ ഹാജരാക്കിയ 1923ലെ പ്രമാണരേഖയിൽ 63 തിരിമറി നടത്തിയെന്ന് ഫോറൻസിക് സയൻസ് ലാബിെൻറ (എഫ്.എസ്.എൽ) ആധികാരിക റിപ്പോർട്ട്. ഹാരിസൺസ് അധികൃതർ വ്യാജരേഖയുണ്ടാക്കിയെന്ന കേസിൽ നിർണായക തെളിവായ ഈ റിപ്പോർട്ട് വിജിലൻസ് മറച്ചുവെച്ചത് മൂന്ന് വർഷത്തിലധികം. 2018 ജൂൺ 12നാണ് ഫോറൻസിക് സയൻസ് ലാബിലെ അസി. ഡയറക്ടർ എസ്. അപർണ വിജിലൻസിന് റിപ്പോർട്ട് സമർപ്പിച്ചത്.
നൂതന സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധനയാണ് നടത്തിയത്. പ്രമാണരേഖകളിലെ ഇംപ്രഷനുകൾ, കൃത്രിമത്വം, കൂട്ടിച്ചേർക്കൽ, മാറ്റംവരുത്തൽ എന്നിവയെല്ലാം കണ്ടെത്താൻ സൂൺ സ്റ്റീരിയോ മൈക്രോസ്, വിഡിയോ സ്പെക്ട്രൽ കംപാരേറ്റർ റെഗുല 4305 ഡി- തുടങ്ങിയ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധിച്ചത്. വ്യത്യസ്ത മഷി ഉപയോഗിച്ച് പ്രമാണരേഖയിൽ ധാരാളമായി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തിയെന്നാണ് പ്രധാന കണ്ടെത്തൽ. ഉദാഹരണമായി ആധാരത്തിലെ 54ാം പേജിൽ 1030 ഏക്കർ, 11 സെൻറ് ഭൂമി എഴുതിച്ചേർത്താണ് തട്ടിപ്പ് നടത്തിയത്. എഴുത്തുകളിൽനിന്ന് വ്യത്യസ്തമായ ഫ്ലൂറസൻസാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി. അതുപോലെ എഴുത്തിലെ പദങ്ങളും അക്ഷരങ്ങളും താരതമ്യേന ചെറിയ വലുപ്പമുള്ളവയാണ്. പദങ്ങൾ തമ്മിലുള്ള അകല ക്രമീകരണത്തിലും വ്യത്യസ്തത കാണാം. എഴുതിയതാകട്ടെ ഭാഗികമായി വലത് മാർജിനിലാണ്. എഴുത്തിലെ വ്യത്യസ്ത ശൈലി, സ്വഭാവം, വ്യത്യസ്ത വ്യക്തികളുടെ കൈയക്ഷരത്തിെൻറ സവിശേഷതകൾ എന്നിവ ആദ്യ എഴുത്തുമായി താരതമ്യം ചെയ്യുമ്പോൾ ഭിന്നമാണ്. ഇതെല്ലാം രണ്ടാമത് നടത്തിയ എഴുതിച്ചേർക്കലുകളാണ്. ആദ്യത്തെ കൈപ്പടയല്ല രണ്ടാമത് ഉപയോഗിച്ചത്. പ്രമാണത്തിലെ മുദ്ര സ്റ്റാൻഡേർഡ് സീലിൽനിന്നുള്ളത് തന്നെയാണോയെന്ന് ഉറപ്പിക്കാനാകില്ല. പരിശോധിക്കാൻ പഴയ സീൽ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
കമ്പനിയുടെ ഉടമസ്ഥത ഉറപ്പിക്കാൻ അധികൃതർ ഹാജരാക്കിയ പ്രധാന ആധാരമാണ് വ്യാജമെന്ന് തെളിഞ്ഞത്. ഇതോടെ ഹാരിസൺസ് കമ്പനിയുടെ കൈവശമുള്ള കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 25,630 ഏക്കർ തോട്ടഭൂമിയുടെ ആധാരം (1600/1923) വ്യാജമാണെന്ന് വ്യക്തമായി. ഹാരിസൺസ് കമ്പനിക്കുവേണ്ടി വിജിലൻസിലെ ഉന്നതരും സർക്കാറിലെ ഉന്നതരും ചേർന്ന് ലാബ് റിപ്പോർട്ട് മൂന്ന് വർഷം മറച്ചുവെച്ചുവെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.