ഹാരിസണ്‍സ് കേസിലെ അന്വേഷണ ഉത്തരവും വിജിലന്‍സിന് തിരിച്ചടി
text_fieldsകൊല്ലം: ഹാരിസണ്‍സ് കേസില്‍ അന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവും വിജിലന്‍സിന് തിരിച്ചടിയായി. സംസ്ഥാനം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കാര്യമായ ഒരു അന്വേഷണവും നടത്താതെ വിജിലന്‍സ് ഒളിച്ചുകളിക്കുകയായിരുന്നു.
കേസിലെ ചില പ്രതികളുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനുള്ള അടുപ്പമാണ് തുടരന്വേഷണം നടക്കാത്തതിന് പിന്നിലെന്ന് ഭൂസമരക്കാര്‍ ആരോപിച്ചിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതി ഹാരിസണ്‍സിനെതിരെ അന്വേഷണം നടത്തണമെന്നും 42 ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടത്. പല കേസിലായി വിജിലന്‍സിനെതിരെ കോടതിയുടെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹാരിസണ്‍സ് കേസിലും ഉത്തരവുണ്ടായത്.
ആര്യങ്കാവ് വില്ളേജിലെ 60 ഏക്കര്‍ വനഭൂമിയും മിച്ചഭൂമിയും മറിച്ചുവിറ്റ കേസിലാണ് വിജിലന്‍സ് പ്രത്യേക കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഹാരിസണ്‍സിന്‍െറ നടത്തിപ്പുകാര്‍, പുനലൂര്‍ സബ്രജിസ്ട്രാര്‍ തുടങ്ങി 18 പേര്‍ക്കെതിരെയാണ് അന്വേഷണം. 2012 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഭൂമിവില്‍പന നടത്തിയത്. നാല് തെക്കന്‍ ജില്ലയിലായി 50,000 ഏക്കറോളം ഭൂമി ഹാരിസണ്‍സ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നെന്ന് വിജിലന്‍സ് നേരത്തേ കണ്ടത്തെിയിരുന്നു. ഇതുസംബന്ധിച്ച് 2013 നവംബര്‍ ഒന്നിന് വിജിലന്‍സ് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
വ്യാജ ആധാരങ്ങള്‍ നിര്‍മിക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, ഗൂഢാലോചന, സര്‍ക്കാറിന് 106 കോടിയുടെ നഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. 2014 ഒക്ടോബര്‍ 21ന് കേസില്‍ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടെങ്കിലും ഒരു അന്വേഷണവും വിജിലന്‍സ് നടത്തിയില്ല.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി വന്നശേഷവും ഹാരിസണ്‍സ് കേസില്‍ തുടരന്വേഷണം നടക്കാതിരുന്നതോടെയാണ് അദ്ദേഹത്തിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നത്. കേസില്‍ ആദ്യം അന്വേഷണം നടത്തിയ ഡിവൈ.എസ്.പി നന്ദനന്‍ പിള്ളയെ ചുമതലയില്‍നിന്ന് മാറ്റിയിരുന്നു. പിന്നീട് ചുമതല നല്‍കിയത് ഡിവൈ.എസ്.പി ശ്യാമിനാണെങ്കിലും തുടരന്വേഷണത്തിന് അദ്ദേഹം മുതിര്‍ന്നില്ല.
കമ്പനിയുടെ പക്കല്‍ നാല് തെക്കന്‍ ജില്ലകളിലായുള്ള ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഹാരിസണ്‍സിന്‍െറ ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കാന്‍ സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. അതിനെതിരെ കമ്പനി സമര്‍പ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.