ഹാരിസൺസ് ഭൂമി: നിയമ സെക്രട്ടറി ഉപദേശം തിരുത്തി
text_fieldsതിരുവനന്തപുരം: ഹാരിസൺസ് ഭൂമി സംബന്ധിച്ച ഉപദേശം നിയമസെക്രട്ടറി ജി.ബി. ഹരീന്ദ്രനാഥ് തിരുത്തി. തോട്ടംമേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെ തീരുമാനമാണ് തിരുത്തിയത്. മന്ത്രി ഇ. ചന്ദ്രശേഖരൻ സ്വന്തം നിലപാടിൽ ഉറച്ചുനിന്നതോടെയാണ് നിയമസെക്രട്ടറി സിവില്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാമെന്ന് പുതിയ നിയമോപദേശം നൽകിയത്. വ്യവസ്ഥയില്ലാതെ ഭൂനികുതി സ്വീകരിക്കാമെന്ന നിയമ സെക്രട്ടറിയുടെയും റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയുടെയും നീക്കമാണ് ഇതോടെ പൊളിഞ്ഞത്.
സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം നേരത്തേ സർക്കാറിന് നൽകിയ കത്തിലെ നിർേദശമാണ് ഇക്കാര്യത്തിൽ റവന്യൂ മന്ത്രിക്ക് തുണയായത്. പുതിയ തീരുമാനമനുസരിച്ച് ഹാരിസണ്‍സ് കൈവശം വെക്കുന്ന ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് സർക്കാർ സിവിൽകേസ് നൽകും. ഒപ്പം ഹാരിസണ്‍സ് മറിച്ചു വിറ്റ തോട്ടങ്ങളുടെ നികുതി സ്വീകരിക്കുന്നത് സിവില്‍ കോടതികളിലെ വിധിക്കു വിധേയമായിരിക്കുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താമെന്നും നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് നല്കിയ ഉപദേശത്തില്‍ പറയുന്നു. ഇക്കാര്യം ഹൈകോടതി ജസ്റ്റിസ് അനു ശിവരാമൻ ചൂണ്ടിക്കാണിച്ചിരുന്നു.
ഹാരിസൺസിന് ഭൂമിയുള്ള എട്ട് ജില്ലകളിലെ സിവില്‍ കോടതികളില്‍ കേസ് നൽകാനാണ് റവന്യൂ വകുപ്പിെൻറ നീക്കം. ഹാരിസണ്‍സ് ഭൂമി ഏറ്റെടുത്ത സ്പെഷല്‍ ഓഫിസറുടെ നടപടി ഹൈകോടതി തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി നിയമയുദ്ധത്തിന് പോകേണ്ടെന്നായിരുന്നു നിയമസെക്രട്ടറി ആദ്യം നൽകിയ നിയമോപദേശം. സ്പെഷൽ ഓഫിസറുടെ നിയമനം കോടതി അസാധുവാക്കിയെന്നും കുറിച്ചിരുന്നു. എന്നാല്‍, വസ്തുതപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് റിപ്പോര്‍ട്ട് തിരിച്ചയച്ചു.
ഹൈകോടതി വിധിയിലില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുന്നത് തോട്ടമുടമകളെ സഹായിക്കാനാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, വീണ്ടും നിയമോപദേശം തേടുകയായിരുന്നു. ഉന്നതതല തര്‍ക്കമുള്ളതിനാല്‍ മന്ത്രിസഭ യോഗത്തിൽ ഉത്തരവിെൻറ കരട് പരിഗണിച്ചിട്ടില്ല. അതേസമയം, ഹാരിസണ്‍സ് കൈവശം വെക്കുന്ന തോട്ടങ്ങളിലെ മരം മുറിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാറിനു മുന്നിലുണ്ട്. റബർ മരംമുറിക്കുമ്പോൾ അടയ്ക്കുന്ന നികുതിയായ സീനിയറേജ് (2500 രൂപ) ഇളവ് നൽകാനും തൊഴിൽ വകുപ്പ് യോഗത്തിൽ തീരുമാനിച്ചു. ഇക്കാര്യത്തിൽ വനംവകുപ്പ് ഉത്തരവിറക്കിയെങ്കിലും ഇതു സംബന്ധിച്ച കേസ് നിലവില്‍ ഹൈകോടതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.