ഹാരിസണ്‍ പറയാനുള്ളത് കേൾക്കണമെന്ന് കോടതി
text_fieldsകൊച്ചി: സ്പെഷൽ ഒാഫിസർക്ക് സിവിൽ കോടതിയുടെ അധികാരം എടുക്കാനാവിെല്ലന്നും മൂന്നാം കക്ഷികളുടെ ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാറിന് പരമാധികാരം ഉപയോഗിക്കാൻ കഴിയില്ലെന്നും ഹൈകോടതി. തട്ടിപ്പ് ഉൾപ്പെടെ ആരോപണങ്ങളുന്നയിച്ചാണ് ഹാരിസൺ കമ്പനിക്ക് അനുകൂലമായ നിയമപരമായ ഉത്തരവുകളും സിവിൽ കോടതി നടപടികളും സ്പെഷൽ ഒാഫിസർ അസാധുവാക്കിയത്.
നിയമപരമായി രജിസ്റ്റർ ചെയ്ത കൈമാറ്റങ്ങൾ, ലാൻഡ് ബോർഡ് പർച്ചേസ് സർട്ടിഫിക്കറ്റുകൾ, കരാറുകൾ, ഭൂപരിഷ്കരണ നിയമത്തിലെ ഇളവുകൾ എന്നിവ ഇങ്ങനെ അസാധുവാക്കാൻ ഉദ്യോഗസ്ഥന് കഴിയില്ല. കൈയേറ്റം ഒഴിപ്പിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ഒഴിപ്പിക്കാനുള്ള അധികാരമാണുള്ളത്. അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന വസ്തുവിെൻറ ഉടമസ്ഥാവകാശം തീരുമാനിക്കാൻ അധികാരമില്ല.
കമ്പനിക്ക് ഭൂമിയിലുള്ള കൈവശാവകാശം, ആധാരം, തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ നല്‍കിയതാണ്. റവന്യൂ രേഖകള്‍ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം നിലവില്‍ അത് കൈവശം വെച്ചിരിക്കുന്നവര്‍ക്കാണ്. ഭൂനികുതി സ്വീകരിക്കുകയും തോട്ടത്തിന് ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
വിവിധ കോടതികളിൽനിന്ന് കമ്പനിക്ക് അനുകൂലമായി ഉത്തരവുകളുമുണ്ടായിട്ടുണ്ട്. ഇൗ ഉത്തരവുകൾ സർക്കാർ ചോദ്യം ചെയ്തിട്ടില്ല. സർക്കാർ കൂടി കക്ഷിയായ കേസുകളിലാണ് ഇൗ വിധികളുണ്ടായത്. അതിനാൽ, ഉത്തരവ് പാലിക്കാൻ സർക്കാർ നിയമപരമായി ബാധ്യസ്ഥരാണ്. അതു നടപ്പാക്കുന്നതിൽനിന്ന് ഒഴിഞ്ഞു മാറാനാവില്ല. കമ്പനി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ആക്ഷേപമുണ്ടെങ്കില്‍ കോടതിയിലാണ് തെളിയിക്കേണ്ടത്.
ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ സ്വതന്ത്രമായ തീരുമാനമാണ് എടുക്കേണ്ടത്. കമ്മിറ്റികളുടെയും അന്വേഷണ സംഘങ്ങളുെടയും രജിസ്ട്രാർമാരുടെയും റിപ്പോർട്ടുകളുടേയോ നിയമോപദേശങ്ങളുടേയോ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ നിയമപരമായി കഴിയില്ല. മാത്രമല്ല, ഇൗ റിപ്പോർട്ടുകൾ ആരോപണ വിധേയരായ ഭൂവുടമകൾക്ക് നൽകി അവരുടെ ഭാഗം കേട്ടതായും കാണുന്നില്ല. അവരുടെ വാദം പോലും കേള്‍ക്കാതെ എങ്ങനെയാണ് ഉടമസ്ഥത തെളിയിക്കുക.
സർക്കാർ തന്നെ രജിസ്റ്റർ ചെയ്തുനൽകിയ രേഖകളിൽ സർവേ നമ്പറും മറ്റ് അപാകങ്ങളും ചൂണ്ടിക്കാട്ടി രേഖകൾ അസാധുവാക്കി ഉടമസ്ഥാവകാശം നിർണയിക്കാൻ കഴിയില്ല. ഒാരോ കാലത്തേയും രേഖകളിലോ മുദ്രണങ്ങളിലോ വ്യത്യാസമുണ്ടാകാം. ഇതിെൻറ ആധികാരികത തെളിയിക്കണമെങ്കിൽ മറുപക്ഷത്തിന് കൂടി വാദമുന്നയിക്കാൻ അവസരം കിട്ടുന്ന സിവിൽ കോടതി നടപടികൾ തന്നെയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.