കൈവശഭൂമി: ഉടമസ്ഥത ഹാരിസൺസിന് അന്യം
text_fieldsപത്തനംതിട്ട: ഹാരിസൺസ് കേസിൽ സർക്കാറിെൻറ അപ്പീൽ സുപ്രീംകോടതി തള്ളിയപ്പോഴും കൈവശഭൂമിയുടെ ഉടമസ്ഥത ഹാരിസൺസിന് അന്യം. ഹാരിസൺസിെൻറ ഭൂമി ഏറ്റെടുത്ത റവന്യൂ സ്പെഷൽ ഒാഫിസറുടെ നടപടി ചട്ടവിരുദ്ധമെന്നായിരുന്നു ഏപ്രിൽ 11ലെ ഹൈകോടതി വിധി. അതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. കൈവശഭൂമിയിൽ ഹാരിസൺസിന് ഉടമസ്ഥതയുള്ളതായി ൈഹകോടതി പറഞ്ഞിരുന്നില്ല. ഉടമസ്ഥതയിൽ തർക്കമുണ്ടെങ്കിൽ സർക്കാറിന് സിവിൽ നടപടികൾ തുടരാമെന്നും ഹൈകോടതി പറഞ്ഞിരുന്നു.
സ്വാതന്ത്ര്യ ശേഷം വിദേശ കമ്പനികൾ ഇവിടെ നടത്തിയ ഭൂമി കച്ചവടങ്ങളുടെ സാധുത ചോദ്യം ചെയ്യുന്നതാണ് ഹാരിസൺസ് ഭൂമി കേസിൽ സർക്കാർ ഉന്നയിക്കുന്ന പ്രധാന വാദം. അക്കാര്യത്തിലേക്ക് ഹൈകോടതിയോ സുപ്രീംകോടതിയോ കടന്നിട്ടില്ല. അതിനാൽ സ്വതന്ത്ര്യാനന്തരം ബ്രിട്ടീഷ് കമ്പനികൾ നടത്തിയ എല്ലാ ഭൂമി ഇടപാടുകളും റദ്ദാക്കി അത്തരം ഭൂമികൾ ഏറ്റെടുക്കാൻ നിയമനിർമാണം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. ഹൈകോടതിയിൽ വിധി എതിരാകാൻ കാരണം കേസ് സർക്കാർ തോറ്റുകൊടുത്തതിനാലാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. സുപ്രീംകോടതിയിലും സർക്കാർ തോറ്റതോടെ ഒത്തുകളി ആരോപണം ശക്തമായി.
കൈവശഭൂമി തങ്ങളുടേതാണെന്ന് ഹാരിസൺസും അവകാശപ്പെടുന്നില്ല. കമ്പനി കരമടച്ചുവന്നത് വിദേശ കമ്പനികളുടെ പേരിലാണ്. തങ്ങളുടെ കൈവശമുള്ള മുഴുവൻ ഭൂമിയും മലയാളം പ്ലാേൻറഷൻസ് (ഹോൾഡിങ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടേതാണെന്ന് ഹാരിസൺസ് വാർഷിക റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിവരുന്നുമുണ്ട്.
കേസിൽ സിവിൽ കോടതിയെ സമീപിക്കാനാണ് ഹൈകോടതി നിർദേശിച്ചതെന്നും അത് സുപ്രീംകോടതിയും ശരിെവച്ചിരിക്കുകയാണെന്ന് അഡ്വക്കറ്റ് ജനറൽ സുധാകരപ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ വളരെ ആത്മവിശ്വാസത്തോടെ നൽകിയ സമാനമായ പല ഹരജികളും തള്ളിേപ്പായിട്ടുണ്ട്.
ഹൈകോടതി നിർദേശിച്ചതുപോലെ സിവിൽ കോടതിയെ സമീപിക്കണോ, നിയമനിർമാണമാണോ ആവശ്യം എന്നിവ സർക്കാർ തീരുമാനിക്കുമെന്നും എ.ജി പറഞ്ഞു. വിജയിക്കാനുള്ള എല്ലാ സാധ്യതകളുമുള്ള കേസായിരുന്നുവെന്നും അത് തള്ളിപ്പോയത് അതിശയകരമാണെന്നും ഹാരിസൺസ് കേസ് വാദിച്ചിരുന്ന മുൻ സർക്കാർ അഭിഭാഷക സുശീല ഭട്ട് ‘മാധ്യമ’ത്തോട് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച നിയമപോരാട്ടം അവസാനിക്കണമെങ്കിൽ നിയമ നിർമാണം വഴി ഭൂമി സർക്കാർ ഏറ്റെടുക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. പേരിന് ഒരു അപ്പീൽ നൽകി കേസ് തോറ്റുകൊടുക്കുകയാണ് സർക്കാർ ചെയ്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കേസിെൻറ പിന്നാമ്പുറം
പത്തനംതിട്ട: ബ്രിട്ടീഷ് കമ്പനികളായ മലയാളം പ്ലാേൻറഷൻസ്, ഹാരിസൺസ് ആൻഡ് ക്രോസ് ഫീൽഡ് എന്നീ കമ്പനികളുടെ പിന്തുടർച്ചക്കാരെന്ന അവകാശവാദവുമായാണ് ഹാരിസൺസ് മലയാളം കമ്പനി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സർക്കാർ നിയോഗിച്ച മൂന്നു കമീഷനുകൾ നടത്തിയ അന്വേഷണത്തിൽ ബ്രിട്ടീഷ് കമ്പനികൾ നിയമപ്രകാരം ഇപ്പോഴത്തെ ഹാരിസൺസ് മലയാളം കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്നും ഇവർ സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ ഏക്കർ ഭൂമി അനധികൃതമായി കൈവശം െവച്ചിരിക്കുന്നുവെന്നും കണ്ടെത്തുകയും ഇവ സർക്കാറിന് ഏറ്റെടുക്കാമെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഹൈകോടതി നിർദേശപ്രകാരം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ആധാരങ്ങൾ ചമക്കൽ, ഗൂഢാലോചന, വിദേശനാണ്യ വിനിമയ, നിയന്ത്രണചട്ടലംഘനം, സർക്കാർ രേഖകൾ തിരുത്തൽ, ഭൂസംരക്ഷണ നിയമം, ഭൂ പരിഷ്കരണ നിയമം, ഇന്ത്യൻ ഇൻഡിപെൻഡൻറ് ആക്ട്, തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി.
ഇതിനിടെ, കമ്പനി ഭൂമി കൈവശം െവച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെങ്കിൽ ഭൂ സംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് 2013 ൽ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഭൂ സംരക്ഷണ നിയമം സെക്ഷൻ 15 ഹാരിസൺസിെൻറ ഭൂമി ഏറ്റെടുക്കുന്നതിന് എം.ജി രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയോഗിച്ചു. അദ്ദേഹം നടത്തിയ അന്വേഷണത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി ജില്ലകളിലായി കമ്പനി പതിനായിരക്കണക്കിന് ഭൂമി അനധികൃതമായി കൈവശംെവക്കുന്നുവെന്ന് കണ്ടെത്തി. തുടർന്ന് 18 ഉത്തരവുകളിലൂടെ 38171 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഇതിൽ 517 ഏക്കർ ഏറ്റെടുത്ത രണ്ട് ഉത്തരവുകൾ കോടതി ശരിെവച്ചിരുന്നു. രാജമാണിക്യത്തിെൻറ നിയമനത്തിെൻറയും അദ്ദേഹം സ്വീകരിച്ച നടപടികളുടെയും സാധുത ചോദ്യംചെയ്താണ് കമ്പനി ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.