ഹാരിസൺസ് കേസ് : അട്ടിമറിക്ക് നീക്കമെന്ന് ആക്ഷേപം
text_fieldsകൊച്ചി: ഹാരിസൺസ് ഭൂമിയിൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കാനുള്ള കേസിൽ അട്ടിമറിക്ക് നീക്കമെന്ന് ആക്ഷേപം. സിവിൽ കോടതിയിൽ കേസ് നൽകുന്ന കാര്യത്തിൽ സർക്കാർ ഹാരിസൺസിനെ സഹായിക്കുവെന്നും ആരോപണമുണ്ട്. ഹാരിസൺസ് മലയാളവും സമാനമായ മറ്റ് കമ്പനികളും വ്യക്തികളും കൈവശംവെച്ചിരിക്കുന്ന തോട്ടം ഭൂമിയുടെ ഉടമാവകാശം സ്ഥാപിക്കുന്നതിന് സിവിൽകോടതിയിൽ കേസ് നൽകാൻ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് റവന്യു മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു ഉത്തരവിറക്കിയത്. 2019 ജൂൺ ആറിന് ഇറക്കിയ ഉത്തരവ് ഇപ്പോഴും ഫലംകണ്ടിട്ടില്ല.
സിവിൽ കോടതിയിൽ കേസുകൾ ഫയൽ ചെയ്യുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് കളക്ടർമാർക്ക് റവന്യൂ സെക്രട്ടറി നിർദേശം നൽകിയിരുന്നു. 1947ന് മുമ്പ് വിദേശ കമ്പനികളുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയിലും സർക്കാരിൻറെ ഉടമസ്ഥത സ്ഥാപിക്കാനാണ് കോടതിയിൽ കേസ് നൽകാൻ ഉത്തരവിട്ടത്. എന്നാൽ ഭരണ സംവിധാനം ഇതിനോട് മുഖം തിരിച്ച് നിൽക്കുകയാണ്.
ചെറുവള്ളി എസ്റ്റേറ്റ് കൈവശംവെച്ചിരിക്കുന്ന അയചാരിറ്റബിൾ ട്രസ്റ്റിനെതിരെ പാല സബ്കോടതിയും 206 ഏക്കർ കൈവശം വെച്ചിരിക്കുന്ന റിയ റിസോർട്ട് ആൻഡ് പ്രോപ്പറ്റീസിൻെറ പേരിൽ പുനലൂർ സബ് കോടതിയിലും ഹാരിസൺസിനെതിരെ പത്തനംതിട്ട, പുനലൂർ സബ്കോടതികളിലും ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനിക്കെതിരെ കട്ടപ്പന, പുനലൂർ സബ് കോടതികളിലും നൽകിയ ആറു കേസുകൾ മാത്രം. 42 കേസുകൾ ഇപ്പോഴും കോതിയിൽ എത്തിയിട്ടില്ല.
മന്ത്രിസഭയിലെ ഉന്നത കേന്ദ്രങ്ങളിൽ ഹാരിസൺസ് സ്വാധീനം ചെലുത്തിയതിനാലാണ് ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ മല്ലെപ്പോക്ക് നയം തുടരുന്നതെന്നാണ് ആരോപണം. ഉത്തരവ് ഇരങ്ങിയതിന് ശേഷം ഹാരിസൺസ് കമ്പനി അധികൃതർ നിരവധി തവണ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ഭൂമിയുടെ കരം അടക്കുന്നതിനും ബാങ്ക് വായ്പ ലഭിക്കുന്നതിനും അനുമതി നൽകണമെന്ന് നിവേദനം നൽകിയിരുന്നു.
റവന്യൂ വകുപ്പ് വിവിധ ജില്ലകളിൽ 48 കേസുകൾ നൽകുന്നതിന് സത്യവാങ്മൂലം തയാറാക്കിയിട്ട് കലക്ടർമാർക്ക് കൈമാറിയിട്ടും പലജില്ലകളിലും കേസ് കോടതിയിൽ എത്തിയിട്ടില്ല. സർക്കാർ സംവിധാനം മെല്ലെപ്പോക്ക് തുടർന്നപ്പോൾ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് കലക്ടർമാരുടെ യോഗം വിളിച്ചു. എന്നിട്ടും കേസ് നൽകുന്നതിൽ കാര്യമായ വേഗതയുണ്ടായിട്ടില്ല.
സ്പെഷ്യൽ ഓഫീസർ രാജമാണിക്യം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇതിൽ മൂന്നു ലക്ഷത്തിലധികം ഏക്കർ തോട്ടഭൂമി ഹാരിസൺസും സമാനമായ കമ്പനികളും വ്യക്തികളും കൈവശം വെച്ചതായി കണ്ടെത്തിയിരുന്നു. ഹാരിസൺസ് അധികൃതർ നിരന്തരം സെക്രട്ടേറ്റിൽ എത്തി കേസിന്‍റെ ഗതിമാറ്റുന്നുവെന്നാണ് ആരോപണം.
സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർ വിദേശകമ്പനികൾക്കും പൗരന്മാർക്കും കർശന വ്യവസ്ഥകളോടെയാണ് പാട്ടമായും ഗ്രാൻറായും നൽകിയ ഭൂമിയാണിത്. സ്വതന്ത്ര്യാനന്തരം നിലവിലെ കൈവശക്കാർക്ക് സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ നിയമപ്രകാരം ഭൂമി കൈമാറിയിട്ടില്ല. 1984ൽ നിലവിൽ വന്ന ഹാരിസൺസ് കമ്പനി 1985-2005 കാലത്ത് ആയിര്ക്കണക്കിന് ഏക്കർ ഭൂമി വിൽപ്പന നടത്തിയപ്പോഴാണ് അന്വേഷണം നടത്തിയത്.
76,769 ഏക്കർ ഭൂമി ഹാരിസൺസിൻെറ കൈവശത്തലുണ്ടെന്നും സ്പെഷ്യൽ ഓഫിസർ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മേധാവികളും ഹാരിസൺസിൻെറ പിടിയിലാണ്. അതാണ് സിവിൽ കോടതിയിൽ കേസുകൾ നൽകാൻ കാലതാമസം നേരിടുന്നതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.