ഹാരിസൺസ് ഭൂമി: സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്യുമോ?
text_fieldsകോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ഉയർന്നത് ഗൗരവമുള്ള ചോദ്യങ്ങളെന്ന് നിയമവിദഗ്ധർ. നേരത്തെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വിവാദമായിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടുവെങ്കിലും സർക്കാരും എ.ജിയും ഇക്കാര്യത്തിൽ മൗനം പാലിച്ചു. എന്നാൽ സർക്കാരും എസ്റ്റേറ്റ് ഉടമകളും തമ്മിൽ നടന്ന ഒത്തുകളിയിലേക്കാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യങ്ങൾ വിരൽ ചൂണ്ടിയത്.
ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 72 പ്രകാരം പാട്ടവസ്തു സർക്കാരിൽ നിക്ഷിപ്തമാണ്. സർക്കാരിൽ നിക്ഷിപ്തമായ ഭൂമിയുടെ ടൈറ്റിൽ എങ്ങനെയാണ് ഹാരിസൺസിനും എൽസ്റ്റണും കൊടുക്കാൻ ആവുകയെന്ന ചോദ്യമാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് സർക്കാർ അഭിഭാഷകനോട് ചോദിച്ചത്. ഇതിന് തോട്ടം കൈവശം വെച്ചിരിക്കുന്നവരും ഹൈകോടതിയിൽ മറുപടി പറയണം. ഭൂപരിഷ്കരണ നിയമം പാസാക്കിയതോടെ സംസ്ഥാനത്ത് പാട്ടക്കാരൻ ഇല്ലാതായിക്കഴിഞ്ഞു.
ഡിവിഷൻ ബെഞ്ച് ഇവിടെ ജസ്റ്റിസ് കൗസർ എടപ്പകത്തിന്‍റെ ഉത്തരവിനെതിരെയാണ് ചോദ്യം ഉന്നയിച്ചത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പൊന്നും വില നൽകി ഭൂമി ഏറ്റെടുക്കണമെന്നാണ് എടപ്പകത്ത് ഉത്തരവിട്ടത്. എ.ജിയാകട്ടെ പണം നൽകി ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയാറാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ഹൈകോടതിയിൽ ഈ കേസ് നിലനിൽക്കെ തന്നെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ നിർദേശ പ്രകാരം ഹാരിസൺസിനും എൽസ്റ്റൺ ടീ എസ്റ്റേറ്റിനും എതിരെ സുൽത്താൻ ബത്തേരി സബ് കോടതിയിൽ വയനാട് കലക്ടർ ഡി.ആർ. മേഘശ്രീ സത്യവാങ്മൂലം (ഒ.എസ്. നമ്പർ 2024) സമർപ്പിച്ചു. ഹാരിസൺസും (നെടുമ്പാല) എൽസ്റ്റൺ എസ്റ്റേറ്റ്സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും ആണ് എതിർകക്ഷികൾ.
ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാൻ 1923ലെ ചെങ്കൽപ്പേട്ട സബ് രജിസ്റ്റർ ഓഫിസിലെ രണ്ട് പാട്ട ആധാരങ്ങളാണ് ഹാരിസൺസ് ഇപ്പോഴും ഹാജരാക്കുന്നത്. 1947ന് മുമ്പ് വയനാട്ടിലെ നെന്മേനി, വെള്ളരിമല, കോട്ടപ്പടി, ചുണ്ടേൽ, പൊഴുതന, അച്ചൂരാനം വില്ലേജുകളിലായി ആയിരക്കണക്കിന് ഏക്കർ പാട്ടഭൂമി കമ്പനിക്ക് ഉണ്ടായിരുന്നു. ചെങ്കൽപ്പേട്ടിലെ ആധാരങ്ങൾ പ്രകാരം ആദ്യ കമ്പനിക്ക് ലഭിച്ച പാട്ടാവകാശങ്ങൾ മലയാളം പ്ലാന്റേഷനും ലഭിച്ചു.
1908, 1910, 1912, 1913, 1917, 1919 വർഷങ്ങളിലാണ് പാട്ടാധാരങ്ങൾ നടന്നത്. നേരത്തെ ഈ ഭൂമി 99 വർഷത്തെ പാട്ടത്തിനാണ് നൽകിയത്. പിന്നീട് കൈമാറിയ കമ്പനിക്ക് 99 വർഷത്തെ പാട്ടത്തിൽ ബാക്കിയുള്ള കാലത്തേക്ക് മാത്രമേ അവകാശം ഉണ്ടായിരുന്നുള്ളൂ. ഇത് ആധാരത്തിന്റെ 54 ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യത്തിന് മുന്നിൽ ഹാജരാക്കിയതും നിവേദിത പി. ഹരന്റെയും ഡോ. ഡി. സജിത് ബാബുവിന്റെ റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ടതും 1923ലെ പാട്ട ആധാരം മാത്രമാണ്. ഇപ്പോൾ കമ്പനി പറയുന്നത് 1923ലേത് ഉപേക്ഷിക്കപ്പെട്ടതാണ്, അല്ലെങ്കിൽ അത് ശരിയല്ലെന്നാണ്. പണ്ടേ ടൈറ്റിൽ ലഭിച്ച ഭൂമിക്ക് 1923ൽ പാട്ട ആധാരം ഉണ്ടാക്കിയത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല.
ചെമ്പ്ര ഭൂമി വാങ്ങിയത് മലയാളം പ്ലാൻറേഷൻസ് (യു.കെ) ലിമിറ്റഡിൽ നിന്നാണ്. ചെമ്പ്ര എസ്റ്റേറ്റ് ആണ് പിൽക്കാലത്ത് എൽസ്റ്റൺ ആയത്. എൽസ്റ്റൺ ഹാജരാക്കുന്ന രണ്ടാമത്തെ രേഖ കോഴിക്കോട് സബ് രജിസ്ട്രാർ ഓഫിസിലെ 1978ലെ (686/1978, 687/1978) ആണ്. രസകരമായ കരാർ രേഖ ആണിത്. അതും വസ്തു പാട്ടത്തിനു കൊടുക്കുന്നതാണ്. എന്നാൽ, ഈ പാട്ടഭൂമിയിലെ കെട്ടിടത്തിന് വിൽപ്പന കരാർ ഉണ്ടാക്കിയതായി പറയുന്നു. അതാണ് രണ്ടാമത്തെ കരാർ.
ഭൂമിക്ക് പാട്ട കരാറും കെട്ടിടത്തിന് വിൽപ്പന കരാറും എന്ന വിചിത്രമായ ഒരു നിലപാടാണ് എൽസ്റ്റൺ സ്വീകരിക്കുന്നത്. 1978ലെ രേഖ വായിച്ചാൽ അത് പാട്ടക്കരാർ ആണ്. രജിസ്റ്റർ ചെയ്യാത്ത, പാട്ടം പുതുക്കാത്ത രണ്ട് പാട്ടക്കരാറുകളാണിവ. ഇത് ചൂണ്ടിക്കാണിച്ചാണ് ഇപ്പോഴത്തെ പാട്ടക്കാരൻ ഭൂമിയിൽ ഉടമാവകാശം ഉന്നയിക്കുന്നത്. കാലഹരണപ്പെട്ട പാട്ടക്കരാറിന്റെ പിൻബലത്തിൽ സ്ഥിരമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയാണിത്. 1978ലെ രജിസ്റ്റർ ചെയ്യാത്ത പാട്ട രേഖകൾ കെ.എൽ.ആർ നിയമത്തിലെ വകുപ്പ് 74 പ്രകാരം സ്വീകാര്യമല്ല.
ഹാജരാക്കിയ മൂന്നാമത്തെ കരാർ 1993ലേതാണ്. അതിൽ പറയുന്നത് പ്രകാരം പാട്ടാവകാശം മാത്രമേ കൈമാറിയിട്ടുള്ളു. കൃഷ്ണ വർമരാജ എൽസ്റ്റൺ എസ്റ്റേറ്റ്സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള (1601/1993) വിൽപ്പന കരാർ (ഡീഡ് ഓഫ് സെയിൽ-ജന്മം പതിവ്) ഉണ്ടാക്കിയ രേഖകളാണ് ഹാജരാക്കിയത്. ഈ രേഖകളാണ് അവരുടെ ഭൂവുടമസ്ഥതക്ക് ആധാരം.
ഹൈകോടതിയിൽ തോട്ടം കൈവശംവെച്ചിരിക്കുന്നവർ ചൂണ്ടിക്കാണിച്ച ഈ മൂന്നു പാട്ടക്കരാർ രേഖകളും സർക്കാർ സിവിൽ കോടതിയിൽ സമ്പൂർണമായി എതിർക്കുകയാണ്. ഈ സത്യം കോടതിയിൽ നിന്ന് ആർക്കും മറച്ചുവെക്കാൻ കഴിയില്ല. അതിനാലാണ്, സിവിൽ കോടതിയിലെ കേസ് സർക്കാർ പിൻവലിക്കുമോ എന്ന ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കിയത്. നിയമപരമായി ഭൂവുടമക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇവിടെ ഭൂമിയുടെ ഉടമ സർക്കാരാണോ ? അതല്ല എസ്റ്റേറ്റ് കൈവശം വെച്ചരിക്കുന്നവരാണോ?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.