വയറ്റിൽ കത്രിക: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന കോടതിയിലേക്ക്
text_fieldsകോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് (കത്രിക) കുടുങ്ങി യാതന അനുഭവിച്ച ഹർഷിന നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിചേർത്ത് കേസ് അന്വേഷിച്ച മെഡിക്കൽ കോളജ് പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതോടെ വിചാരണ നിലച്ചു. ഹർഷിനക്കൊപ്പമാണെന്ന് നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്ന ആരോഗ്യമന്ത്രിയും സർക്കാറും ഇവർക്ക് നഷ്ടപരിഹാരം അനുവദിക്കാനും തയാറാവാത്ത സാഹചര്യത്തിലാണ് ഹർഷിന നീതിതേടി കോഴിക്കോട് സിവിൽ കോടതിയെ സമീപിക്കുന്നത്. അടുത്ത ദിവസംതന്നെ ഹരജി ഫയൽ ചെയ്യുമെന്ന് ഹർഷിന സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പലവിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ച ഹർഷിനയുടെ വയറ്റിൽനിന്ന് അഞ്ചു വർഷത്തിനുശേഷമാണ് കത്രിക പുറത്തെടുത്തത്. ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഇവർ, ചികിത്സ തുടരുകയാണ്.
ചികിത്സയും അനിശ്ചിതകാല സമരം അടക്കം നീതിക്കായുള്ള പോരാട്ടവും കാരണം ജോലിക്കു പോവാനാവാതെ ഹർഷിനയുടെ ഭർത്താവിന്റെ വരുമാനം നിലച്ചത് കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. സർക്കാറും ആരോഗ്യവകുപ്പും കൂടെയുണ്ടെന്ന് പ്രഖ്യാപിച്ചതല്ലാതെ തനിക്ക് ഒന്നും ചെയ്തുതന്നിട്ടില്ലെന്ന് ഹർഷിന ചൂണ്ടിക്കാട്ടി. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് കുന്ദമംഗലം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.