മനുഷ്യക്കടത്ത് കേരളത്തിന് ഇരട്ടവെല്ലുവിളിയെന്ന് ഹര്‍ഷിത അട്ടല്ലൂരി
text_fieldsതിരുവനന്തപുരം: മനുഷ്യക്കടത്തിനെ നേരിടുന്നതില്‍ കേരളം ഇരട്ട വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നതെന്ന് കേരള ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് നോഡല്‍ ഓഫീസര്‍ ഹര്‍ഷിത അട്ടല്ലൂരി. മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എന്‍.ജി.ഒ കളുടെ കൂട്ടായ്മ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന 'വാക്ക് ഫോര്‍ ഫ്രീഡം' പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് കവടിയാറില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഫ്രീഡം വാക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തില്‍ മനുഷ്യക്കടത്ത് പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് നമ്മള്‍ പലപ്പോഴും കരുതുന്നത്. എന്നാല്‍ ഒരേസമയം കേരളത്തില്‍ നിന്ന് വിദേശത്തേക്ക് വലിയൊരു വിഭാഗമാളുകള്‍ തൊഴില്‍തേടിപ്പോകുകയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ തൊഴിലാളികള്‍ കുടിയേറുകയും ചെയ്യുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറുന്നവര്‍ ദുര്‍ബലരായ ജനവിഭാഗമാണ്.
അവരില്‍ വിദ്യാഭ്യാസമില്ലാത്തവരും തീര്‍ത്തും നിരക്ഷരരുമായ സ്ത്രീകളടക്കമുണ്ട്. വിദേശത്ത് പോയാല്‍ മെച്ചപ്പെട്ട ജീവിതമുണ്ടാക്കാമെന്ന മോഹം അവരെ ചൂഷണത്തിന് വിധേയരാക്കുന്നു. ഇത് മനുഷ്യക്കടത്തിനെതിരായ കേരളത്തിന്റെ ചുമതല ഇരട്ടിപ്പിക്കുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്ന മലയാളികള്‍ക്ക് അവബോധം പകരുന്നതിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുകയും വേണം.
ഇത്തരം ചൂഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കാന്‍ എല്ലാവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഹര്‍ഷിത അട്ടല്ലൂരി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് നടന്ന വാക്ക് ഫോര്‍ ഫ്രീഡം പരിപാടിയില്‍ 260ലധികം പേര്‍ പങ്കെടുത്തു. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു.
തുടര്‍ന്ന്, മനുഷ്യക്കടത്തിന്റെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും അടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തി കവടിയാറിലെ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് സമീപത്തുള്ള പൊതു റോഡുകളിലൂടെ മൂന്ന് കിലോമീറ്റര്‍ റൗണ്ട് നിശബ്ദ പദയാത്ര നടത്തി. കൈമനം ഗവ. വിമന്‍സ് പോളിടെക്‌നിക് കോളജ്, എന്‍ എസ് എസ് യൂനിറ്റുകള്‍, ധനുവച്ചപുരം എന്‍ എസ് എസ് കോളജ് , കാട്ടാക്കട സിറ്റി ലൈറ്റ്‌സ് ചര്‍ച്ച്, കുളത്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം സാല്‍വേഷന്‍ ആര്‍മി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവണ്‍മെന്റ് കോളജ് ഫോര്‍ വിമന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഈറ്റോപ്യയും പങ്കാളികളായി. ഇന്ത്യയിലെ മറ്റ് 19 നഗരങ്ങളിലും 50 രാജ്യങ്ങളിലെ 500 കേന്ദ്രങ്ങളിലും ഒരേ സമയം വാക്ക് ഫോര്‍ ഫ്രീഡം പരിപാടി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.