കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിൽ പ്രതിഷേധം; മൂന്നാറിൽ ഹർത്താൽ
text_fieldsഅടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചതിൽ പ്രതിഷേധിച്ച് മൂന്നാർ കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ ഇന്ന് ഹർത്താൽ. എൽ.ഡി.എഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. യു.ഡി.എഫ് റോഡ് ഉപരോധവും നടത്തുന്നുണ്ട്.
ഇന്നലെ രാത്രി 9.30ഓടെയാണ് മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കൊമ്പനാനയുടെ ആക്രമണം ഉണ്ടായത്. കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്ന സുരേഷ് കുമാർ (38) ആണ് കൊല്ലപ്പെട്ടത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും വീണ സുരേഷ് കുമാറിനെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിഞ്ഞു. വീഴ്ചയിൽ മണിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന എസക്കി രാജ, ഭാര്യ റജീന എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജയുടെ മകളും രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും കൂടി ഓട്ടോയിലുണ്ടായിരുന്നു. എസക്കി രാജയുടെ മകളുടെ സ്കൂളിൽ വാർഷിക ദിന പരിപാടി കഴിഞ്ഞ് തിരികെ ഓട്ടോയിൽ വരുമ്പോഴായിരുന്നു സംഭവം. സുരേഷ് കുമാറാണ് ഓട്ടോ ഓടിച്ചിരുന്നത്.
സുരേഷ് കുമാറിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കാട്ടാന ആക്രമണത്തിൽ മൂന്നാറിൽ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്.
ഏതാനും ദിവസങ്ങളായി നെയ്മക്കാട് എസ്റ്റേറ്റിൽ പടയപ്പ എന്ന കാട്ടാനയെ കണ്ടിരുന്നു. ഇതിനോട് ചേർന്നാണ് കന്നിമല. ഇന്നലെ പകലിൽ മൂന്നാർ - മറയൂർ റോഡിലിറങ്ങിയ പടയപ്പ ലോറി തടഞ്ഞിരുന്നു. എന്നാൽ, ഈ ആനയാണോ യുവാവിനെ ആക്രമിച്ചതെന്ന് വിവരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.