മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകൾ തടയണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകൾ കർശനമായ നിയമ വ്യവസ്ഥകളിലൂടെ തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.ഇതു സംബന്ധിച്ച് സ്വീകരിക്കാൻ കഴിയുന്ന നടപടികൾ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും മുന്നാഴ്ചയ്ക്കകം രേഖാമൂലം അറിയിക്കണമെന്ന് കമീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ കാരണം ഭക്ഷണം നിഷേധിക്കപ്പെട്ട സാഹചര്യം സംസ്ഥാനത്തുണ്ടായതായി പരാതിയുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ആശങ്കാജനകമായ ആരോഗ്യസ്ഥിതിയുമായി ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ ദുരവസ്ഥ ഹർത്താൽ പ്രഖ്യാപിച്ചവർ മനസിലാക്കണമായിരുന്നു. രോഗികൾക്ക് ഭക്ഷണം നിഷേധിക്കപ്പെടുമ്പോൾ സർക്കാർ കൈയും കെട്ടി നോക്കിയിരിക്കരുത്. ലാബുകൾ പോലും പ്രവർത്തിച്ചില്ല.
ഹർത്താൽ പ്രഖ്യാപിക്കുന്നവർക്ക് ചിലപ്പോൾ ന്യായമായ ഒരു കാരണം പറയാനുണ്ടാവാം. പക്ഷേ അതിന്‍റെ പേരിൽ ജനവിരുദ്ധ നടപടികൾ ഉണ്ടാകരുതെന്ന് കമീഷൻ ചൂണ്ടി കാണിച്ചു.അങ്ങനെ സംഭവിക്കുമ്പോൾ അത് മനുഷ്യാവകാശ ലംഘനമായി മാറും. ആശുപത്രികൾക്ക് 500 മീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കണമെന്ന നിബന്ധന പോലും പാലിച്ചില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ.രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.