ഹർത്താൽ ദിന അക്രമം; വിവരം ശേഖരിച്ച് എൻ.ഐ.എ
text_fieldsതിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച് എൻ.ഐ.എ വിവരശേഖരണം തുടങ്ങി. രജിസ്റ്റർ ചെയ്ത കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണവും വിശദാംശങ്ങളും കേരള പൊലീസിൽനിന്നും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയിൽനിന്നും എൻ.ഐ.എ ശേഖരിച്ചതായാണ് വിവരം.
അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ഭൂതകാലം ഉൾപ്പെടെ എൻ.ഐ.എ പരിശോധിക്കും. കേരള പൊലീസിലെ ചിലർക്ക് പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ സംശയിക്കുന്നു. അത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ഏജൻസികൾ തയാറാക്കിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു പട്ടിക ഡി.ജി.പിക്ക് എൻ.ഐ.എ കൈമാറിയിട്ടില്ലെന്നാണ് കേരള പൊലീസിന്‍റെ ഔദ്യോഗിക വിശദീകരണം. സേനാംഗങ്ങളുടെ വർഗീയ സംഘടന ബന്ധത്തെക്കുറിച്ച് കേരള പൊലീസ് വിശദാംശം തേടുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് ഇത്. കേരള പൊലീസിൽ സംഘ്പരിവാർ സെല്ലുകൾ പ്രവർത്തിക്കുന്നെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ആർ.എസ്.എസ് അനുകൂലികൾ രഹസ്യയോഗം ചേർന്ന വിവരവും പുറത്തായിരുന്നു. വർഗീയ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വരുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയതായാണ് വിവരം. വിവരങ്ങൾ ചോർത്തിനൽകുന്നെന്ന് സംശയിക്കുന്നവർ നിരീക്ഷണത്തിലാണ്. കാലടി സ്റ്റേഷനിലെ സി.പി.ഒ സി.എ. സിയാദിന്‍റെ സസ്പെൻഷൻ ഇക്കാര്യം വ്യക്തമാക്കുന്നു. പൊലീസുകാരന്‍റെ വാട്സ്ആപ് ചാറ്റ് ഉൾപ്പെടെ പരിശോധിച്ചാണ് നടപടി.
36 പേർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 36 പേർ കൂടി ബുധനാഴ്ച അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2426 ആയി. ഇതുവരെ 358 കേസാണ് രജിസ്റ്റർ ചെയ്തത്.
പൊലീസുകാരന് സസ്പെൻഷൻ
കാലടി: പോപുലർ ഫ്രണ്ട് പ്രവർത്തകരെ അനധികൃതമായി സഹായിച്ചെന്ന ആരോപണത്തിൽ കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സി.എ. സിയാദിനെ സസ്പെൻഡ് ചെയ്തു. പി.എഫ്.ഐ ആഹ്വാനം ചെയ്ത ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസ് തകർത്ത കേസിൽ പിടിയിലായ പ്രതികൾക്ക് പെരുമ്പാവൂർ സ്റ്റേഷനിലെത്തി മേലധികാരികളുടെ എതിർപ്പ് മറികടന്ന് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തുവെന്ന ആരോപണത്തെ തുടർന്നാണ് ജില്ല പൊലീസ് മേധാവി വിവേക് കുമാർ സസ്പെൻഡ് ചെയ്തത്. സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണിതെന്ന് സർക്കുലറിൽ പറയുന്നു. പെരുമ്പാവൂർ വല്ലം സ്വദേശിയാണ് സിയാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.