ഹർത്താൽ: വയനാട് ചുരത്തിന് മുകളിൽ ലക്കിടിയിൽ വാഹനങ്ങൾ തടയുന്നു
text_fieldsവൈത്തിരി: കാട്ടാന ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താലിന്‍റെ ഭാഗമായി ചുരത്തിന് മുകളിൽ വാഹനങ്ങൾ തടയുന്നു. യു.ഡി.എഫ് പ്രവർത്തകരാണ് ചുരത്തിന് മുകളിൽ ലക്കിടിയിൽ ജില്ലയിലേക്കുള്ള പ്രവേശന കവാടത്തിൽ വാഹനങ്ങൾ തടയുന്നത്. ഇതേത്തുടർന്ന് ചുരത്തിൽ വലിയ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.
ചുരം കയറി വരുന്ന വാഹനങ്ങളെ പ്രതിഷേധക്കാർ കടത്തിവിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തടഞ്ഞെങ്കിലും പിന്നീട് കടത്തിവിടുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി.
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ജീവനുകൾ നഷ്ടമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ഹർത്താൽ ആഹ്വാനം ചെയ്തത്.
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ഇന്നലെ മരിച്ചിരുന്നു. രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. അതിനിടെ, ഒരാഴ്ചയായിട്ടും മാനന്തവാടി പടമലയിൽ ആളെക്കൊന്ന ആന ബേലൂർ മഖ്ന വനംവകുപ്പ് സംഘത്തിന് പിടികൊടുത്തിട്ടില്ല. കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ മൂന്നു പേരാണ് വയനാട്ടിൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.