നേതാക്കൾക്ക് സംരക്ഷിത സഞ്ചാരം; പൊതുജനങ്ങൾക്ക് പതിവ് ദുരിതം
text_fieldsകണ്ണൂർ: കണ്ണൂരിൽ അതും സംഭവിച്ചു. ഹർത്താൽ ദിവസം മുടക്കമില്ലാതെ സംസ്ഥാന സമ്മേളനം. മുഖ്യമന്ത്രിക്കും സമ്മേളന പ്രതിനിധികൾക്കും നേതാക്കൾക്കും സംരക്ഷിത സഞ്ചാരം. വിലാപയാത്രയിലും പ്രതിഷേധ യോഗത്തിലും അണിചേരാനുള്ളവർക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തടസ്സമില്ലാത്ത ഗതാഗതം. ട്രെയിനിറങ്ങി നാടണയാൻ കഴിയാത്തവരുടെയും കല്ല്യാണം ‘കലങ്ങിയ’വരുടെയും ഹർത്താൽ ദുരിതം പതിവുപോലെ ആവർത്തിച്ചു. ആംബുലൻസിനും കിട്ടി കല്ലേറ്.
പയ്യന്നൂരിലെ ആർ.എസ്.എസ് പ്രാദേശിക നേതാവ് കക്കൻപാറയിലെ ബിജു കൊല്ലപ്പെട്ടതിെന തുടർന്ന് സംഘ്പരിവാർ ആഹ്വാനം ചെയ്ത ഹർത്താലിലാണ് കണ്ണൂരിൽ പുതിയ അനുഭവം. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം ഹർത്താൽ പരിഗണിച്ച് മാറ്റിവെക്കാൻ കഴിയുമായിരുന്നില്ല. കാരണം, തലേന്ന് തന്നെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിനിധികൾ എത്തിച്ചേർന്നിരുന്നു. ഒാഡിറ്റോറിയത്തിലായതിനാൽ അവിടം സുരക്ഷിതമായ സന്നാഹമൊരുക്കി സമ്മേളനം നടത്തുന്നതിന് തീരുമാനിക്കുകയായിരുന്നു. 822 പ്രതിനിധികളെയും താമസസ്ഥലത്തുനിന്ന് സമ്മേളന ഹാളിലേക്ക് രാവിലെ വാഹനത്തിൽ എത്തിച്ചത് പൊലീസ് നിരീക്ഷണത്തിലാണ്. സമ്മേളനത്തിന് സേവനം ചെയ്യേണ്ട 150ഒാളം വളൻറിയർമാരും സ്വന്തം വാഹനങ്ങളിൽതന്നെ എത്തി. നേതാക്കളുടെ വാഹനങ്ങൾക്കും തടസ്സമൊന്നുമുണ്ടായില്ല.
സമ്മേളന ഹാളിലേക്കുള്ള വഴികൾ ഹർത്താൽ അനുകൂലികൾ തടസ്സപ്പെടുത്താനിടയുണ്ടെന്നുകരുതി പൊലീസ് പാതിരാത്രി മുതൽ നഗരത്തിൽ റോന്തുചുറ്റുകയും പ്രധാന കവലകളിൽ സായുധ സേന കാവലിരിക്കുകയും ചെയ്തിരുന്നു. രാവിലെ പത്തരക്കുതന്നെ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി എത്തി. ഹാളിലേക്കുള്ള വഴിയിൽ വാഹനങ്ങളും മറ്റും കർശനമായി നിരീക്ഷിച്ചു.
പ്രതിനിധികൾക്ക് മുൻകൂട്ടി ബാഡ്ജ് നൽകി സമ്മേളന ഗേറ്റ് ബാഡ്ജ് ധരിച്ചവർക്ക് മാത്രമായി വളൻറിയർമാരുടെ വലയത്തിൽ സുരക്ഷിതമാക്കി. മുഖ്യമന്ത്രിയെ തടയുകയോ സമ്മേളനം തടസ്സപ്പെടുത്തുകയോ ചെയ്യില്ലെന്ന് സംഘ്പരിവാർ നേതൃത്വത്തിൽനിന്ന്, ഉന്നതതല ഇടപെടലിനെ തുടർന്ന് പൊലീസ് ഉറപ്പ് വാങ്ങിയിരുന്നു. വിലാപയാത്രയുള്ളതിനാൽ ഭൂരിഭാഗം പേരും പരിയാരത്തേക്ക് പോകുമെന്നും കണ്ണൂർ നഗരത്തിൽ പ്രശ്നമുണ്ടാവില്ലെന്നുമായിരുന്നു പൊലീസിന് കിട്ടിയ ഉറപ്പ്. കൊല്ലപ്പെട്ട ബിജുവിെൻറ മൃതദേഹം പോസ്റ്റുമോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളജ് പരിസരേത്തക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘ്പരിവാർ പ്രവർത്തകരും നേതാക്കളും എത്തിച്ചേർന്നു.
പക്ഷേ, പൊതുജനത്തിന് പലയിടത്തും നിഷേധിക്കപ്പെട്ടു. കണ്ണൂരിൽ ചില കേന്ദ്രങ്ങളിൽ ഇരുചക്രവാഹനങ്ങളല്ലാതെ കടത്തിവിട്ടില്ല. പുതിയതെരു മന്ന ജങ്ഷനിൽ സ്വകാര്യ കാറുകളും മറ്റും തടയപ്പെട്ടു. പരിയാരം മെഡിക്കൽ കോളജ് പരിസരത്ത് ഒത്തുചേർന്നവർ അതുവഴിവന്ന പയ്യന്നൂർ കോ ഒാപറേറ്റിവ് ആശുപത്രി ആംബുലൻസിന് കല്ലെറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനുേശഷം വിലാപയാത്ര പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ പൊതുദർശനത്തിനുശേഷം സ്വദേശത്തേക്ക് തിരിച്ചു. ഹർത്താലിെൻറ പൊതുജനാനുഭവത്തിൽ പതിവ് തെറ്റിയില്ല. പലരും പുറത്തിറങ്ങിയില്ല. റോഡുകൾ ശൂന്യമായിരുന്നു. ദീർഘദൂര ട്രെയിനുകളിൽ പുലർച്ചെ എത്തിയ യാത്രക്കാരിൽ പലരും ഉച്ചവരെ സ്റ്റേഷനിൽ കുടുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.