ഹർത്താൽ ദിനത്തിൽ സന്നിധാനത്ത് വൻ ഭക്തജന തിരക്ക്
text_fieldsശബരിമല: ഹർത്താൽ ദിനമായിട്ടുകൂടി സന്നിധാനത്ത് വെള്ളിയാഴ്ച വൻ ഭക്തജന തിരക്ക്. ര ാത്രി നട അടക്കും വരെ 85,000ത്തോളം തീർഥാടകർ ദർശനം നടത്തിയതായാണ് കണക്ക്. പുലർച്ച മൂന്നിന് നിർമാല്യദർശനത്തിനായി നട തുറന്നപ്പോൾ മുതൽ ഉച്ചക്ക് ഒന്നു വരെ സന്നിധാനം തീർഥാടകരെക്കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. വലിയ നടപ്പന്തലിലും പതിനെട്ടാംപടിക്ക് താഴെയും തീർഥാടകരെ വടംകെട്ടി നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായി.
നടതുറന്ന ശേഷം ഇതുവരെയുള്ള പതിവിന് വിപരീതമായി ഉച്ചവരെ ഭക്തരുടെ ഇടമുറിയാതെയുള്ള പ്രവാഹമായിരുന്നു പതിനെട്ടാംപടിയിൽ. വലിയ തിരുമുറ്റവും ഫ്ലൈഓവറും തീർഥാടകരെക്കൊണ്ട് നിറഞ്ഞു. ഈ മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ആദ്യമാണ് ഇത്രയധികം തിരക്ക് അനുഭവപ്പെട്ടത്.
തമിഴ്നാട്, തെലങ്കാന, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരാണ് കൂടുതലായി എത്തിയത്. സന്നിധാനത്ത് താഴെ തിരുമുറ്റം, മാളികപ്പുറത്തിന് മുന്നിലെ തുറസായ സ്ഥലം, മാളികപ്പുറം, മാഗുണ്ട അയ്യപ്പ നിലയം എന്നീ വിശ്രമപ്പന്തലുകൾ തീർഥാടകരാൽ നിറഞ്ഞു. നെയ്യഭിഷേകത്തിനും പ്രസാദ മണ്ഡപത്തിലും വൻ തിരക്കായിരുന്നു. വ്യാഴാഴ്ച രാത്രി 12.30 മുതൽ വെള്ളിയാഴ്ച വൈകീട്ട് ആറ് വരെ 67,004 പേർ പമ്പ വഴി ദർശനത്തിനെത്തി. സത്രം, പുല്ലുമേട് വഴി രണ്ടായിരത്തോളം പേരാണ് ദർശനത്തിനെത്തിയത്. അപ്പം, അരവണ വിതരണത്തിലും കാണിക്കയിലും വർധന ഉണ്ടായി. വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ വിവിധ ഡിപ്പോകളിൽനിന്ന് 114 ബസ് പമ്പയിൽ എത്തിയപ്പോൾ പമ്പയിൽനിന്ന് 170 ബസ് മറ്റ് ഡിപ്പോകളിലേക്ക് സർവിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.