കാസർകോട്ട് ഹർത്താൽ പൂർണം; പരക്കെ അക്രമം
text_fieldsകാസർകോട്: മദ്റസാധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ പരക്കെ അക്രമം. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ടം സംഘടിക്കുകയും ഇവരെ പിരിച്ചുവിടാനെത്തിയ പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് 15ഒാളം തവണ ലാത്തിച്ചാർജ്, കണ്ണീർ വാതകം, ഗ്രനേഡ് പ്രയോഗങ്ങൾ നടത്തി.
പ്രസ് ക്ലബ് ജങ്ഷൻ, കെ.എസ്.ആർ.ടി.സി, പഴയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികളും പൊലീസും ഏറ്റുമുട്ടി. എരിയാലിൽ പൊലീസിനുനേരെ കല്ലെറിയുകയും റോഡിൽ ചക്രം കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. തീയണക്കാൻ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചുവെങ്കിലും സംഭവസ്ഥലത്തേക്ക് പോകേണ്ടതില്ലെന്ന് പൊലീസ് ഫയർഫോഴ്സിന് നിർദേശം നൽകി. നഗരത്തിലെ പല കേന്ദ്രങ്ങളിൽ ഒരുമിച്ചുകൂടി പൊലീസിനെ ആക്രമിച്ചതാണ് ടിയർ ഗ്യാസ് ഉപയോഗിക്കാൻ കാരണം.
ഹർത്താൽ അനുകൂലികൾ മാതൃഭൂമി ഒാഫിസിെൻറ ജനൽചില്ല് അടിച്ചുതകർക്കുകയും അമേയ് കോളനിയിലെ അഞ്ച് വാഹനങ്ങൾ പൂർണമായി നശിപ്പിക്കുകയും ചെയ്തു. പ്രസ് ക്ലബ് ജങ്ഷനിലെ പെട്രോൾ പമ്പിനുനേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. പഴയ ബസ്സ്റ്റാൻഡിന് സമീപം സോഡാക്കുപ്പികൾ പൊലീസിനുനേരെ വലിച്ചെറിഞ്ഞു. വിദ്യാനഗറിൽ പൊലീസും സമരാനുകൂലികളും പരസ്പരം ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഇരുവിഭാഗങ്ങളിൽനിന്നുമായി ഒമ്പതുപേർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. പരിക്കേറ്റവരെ കെയർവെൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് മണ്ഡലത്തിലാണ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഹർത്താൽ പ്രതിഫലിച്ചു. ചെർക്കള, മേൽപറമ്പ് എന്നിവിടങ്ങളിൽ രാവിലെ വാഹനങ്ങൾ തടഞ്ഞു. ചാമുണ്ഡിക്കുന്ന്, പള്ളിക്കര, ബേക്കൽ, ഉദുമ, കളനാട് എന്നിവിടങ്ങളിൽ സംഘർഷമുണ്ടായി. കെ.എസ്.ആർ.ടി.സി ആദ്യം സർവിസ് നടത്തിയെങ്കിലും പിന്നീട് പൂർണമായും നിർത്തിവെച്ചു. കാസര്‍കോട് മണ്ഡലത്തിലെ പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.